പൈതൃക പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന സമീപനമാണ് വിനോദസഞ്ചാര വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ 8.94 കോടി രൂപ ചെലവ് വരുന്ന ഡിജിറ്റൽ മ്യൂസിയത്തിന്റെയും പൈതൃകസംരക്ഷണ പദ്ധതികളുടെയും നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തിരുവിതാംകൂറിന്റെ ചരിത്രപരമായ പ്രാധാന്യം തദ്ദേശീയർക്കൊപ്പം വിനോദസഞ്ചാരികൾക്കും അറിയുന്നതിന് അവസരമൊരുക്കുകയാണ് ഡിജിറ്റൽ മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ഡിജിറ്റൽ മ്യൂസിയം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  മ്യൂസിയം യാഥാർത്ഥ്യമാകുന്നതോടെ സഞ്ചാരികൾക്ക് കാണാൻ ഒരു ടൂറിസ്റ്റ് കേന്ദം കൂടെയാകുമെന്ന് മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ അധ്യക്ഷത വഹിച്ചു.  ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറഞ്ഞു.