ശിവഗിരി തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ അവലോകന യോഗം ശിവഗിരി മഠത്തില്‍ ചേര്‍ന്നു. തീര്‍ഥാടനത്തിനുവേണ്ടുന്ന ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഉദേ്യാഗസ്ഥര്‍ അറിയിച്ചു. 12 വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കും. കെ.എസ്.ആര്‍.ടി.സി 100 അധികസര്‍വീസുകള്‍ നടത്തുമെന്നും യോഗത്തില്‍ അറിയിച്ചു.
ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമായ ആംബുലന്‍സ് സംവിധാനമുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ടി.എസ്. കനാല്‍ ശുദ്ധീകരണമാരംഭിച്ചു. 15 ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം അഗ്നിശമനസേനാ വിഭഗം ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും യോഗത്തെ അറിയിച്ചു.
ഈ തീര്‍ഥാടനകാലം പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ ആയിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതിന്റെ ഭാഗമായി മഠത്തിലും പരിസര പ്രദേശങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് പുറമേ 200 എന്‍.എസ്.എസ്. വോളന്റിയര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനായി 150 വോളന്റിയര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും.
തീര്‍ഥാടന കാലയളവില്‍ ശിവഗിരി മഠത്തിലും പരിസര പ്രദേശങ്ങളിലും എക്‌സൈസ് ഉദേ്യാഗസ്ഥര്‍ കര്‍ശനമായ പരിശോധന നടത്തും. നഗരസഭയുടെ നേതൃത്വത്തില്‍ പ്രദേശങ്ങളിലെ കുറ്റിക്കാടുകള്‍ വെട്ടത്തെളിച്ച് വൃത്തിയാക്കിയിട്ടുണ്ട്. ആവശ്യമുള്ളത്ര താല്‍ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പാടാക്കും. വര്‍ക്കല നഗരസഭാ പരിധിയില്‍ വരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൂര്‍ണസമയം വൈദ്യുതി ലഭ്യമാക്കുന്നതിനുവേണ്ടുന്ന നടപടി സ്വീകരിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ആവശ്യമെങ്കില്‍ പുതിയൊരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ഥാടന ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രസ്റ്റംഗം സ്വാമി വിഖ്യാതാനന്ദ, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍, സന്യാസിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.