തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ചട്ടലംഘനം കർശനമായി നിരീക്ഷിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എ.ആർ അജയകുമാർ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം. അതാതു നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കും. മാർച്ച് 28 വരെ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകും. മുൻകാലങ്ങളിൽ വോട്ടിങ് ശതമാനം കുറവുള്ള ബൂത്തുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പൊലീസ് രേഖകളിൽ പ്രശ്‌നബാധിതമെന്നു രേഖപ്പെടുത്തിയ ബൂത്തുകളിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ പരിശോധന നടത്തും. മതിയായ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസിന്റെ സഹായം തേടും. പോളിങ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകും. സർവീസ് സംഘടനകളുടേതുൾപ്പെടെ ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യും. സി-വിജിൽ സംവിധാനം വഴി ലഭിക്കുന്ന പരാതികൾ ഉടൻ തീർപ്പാക്കും. തെരഞ്ഞെടുപ്പ് കാലയളവിൽ മണ്ഡലത്തിലേക്ക് പണവും മദ്യവും ഒഴുകുന്നത് തടയാൻ തുടർച്ചയായി സംയുക്ത പരിശോധനകൾ നടത്തും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഏഴു നിയോജക മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലുള്ളത്.
യോഗത്തിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരായ എൻ.എസ്.കെ ഉമേഷ്, വർക്കാന്ത് യോഗേഷ് നീൽക്കാണ്ഡ്, വി.വി സുനില, സജിമോൻ, അയ്യപ്പദാസ്, ടി. ജനിൽകുമാർ, രോഷ്ണി നാരായണൻ എന്നിവർ പങ്കെടുത്തു.
