ആലപ്പുഴ: വൃദ്ധസദനത്തിലെ അന്തേവാസികളോട് സമ്മതി ദാനവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്ടർ എസ്.സുഹാസ് എത്തി. പ്രായാധിക്യത്തിന്റെ പിടിയിലായ ഒരു കൂട്ടം വൃദ്ധ ജനങ്ങൾക്ക് തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയാണ് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായാണ് കളക്ടർ ചൊവ്വാഴ്ച ആലപ്പുഴ വാടക്കലിലുള്ള കയർ തൊഴിലാളികളുടെ വൃദ്ധ സദനത്തിൽ എത്തിയത്. അന്തേവാസികളോട് നേരിട്ട് അദ്ദേഹം ഏറെ നേരം സംവദിച്ചു. അന്ധേവാസികൾക്ക് വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു .വാഹന സൗകര്യം അടക്കമുള്ള സംവിധാനങ്ങൾ ഇവർക്കായി ഒരുക്കും .പ്രായത്തിന്റെ അവശതകൾ വോട്ട് രേഖപ്പെടുത്തുന്നതിന് തടസ്സമാണെന്നു കരുതേണ്ടെന്നും അദ്ദേഹം അന്ധേവാസികളോട് പറഞ്ഞു. അവർക്ക് ആവശ്യമായ പുതപ്പുകളും മറ്റും നൽകാനും കൂടിയാണ് കളക്ടർ വൃദ്ധ സദനത്തിൽ എത്തിയത്. കയർ തൊഴിലാളി ക്ഷേമ നിധി ബോർഡിന് കീഴിലുള്ള വൃദ്ധസദനത്തിൽ 11 അന്ധേവാസികളാണുള്ളത് .
വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പ് പദ്ധതി പ്രകാരം ജില്ലയിൽ വയോജനങ്ങളെ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. വിവിധ ബൂത്തുകളിലേക്ക് വയോജനങ്ങളെ എത്തിക്കുന്നതിനായി 243 വാഹനങ്ങളാണ് സർവീസ് നടത്തുക. വീൽ ചെയറുകൾ അടക്കമുള്ള സജ്ജീകരണങ്ങളും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. പ്രത്യേക നോഡൽ ഓഫീസറുടെ കീഴിലുള്ള ടീം തന്നെ സന്നദ്ധരായി രംഗത്തുണ്ട് .കേരള കയർ തൊഴിലാളി ക്ഷേമ നിധി ബോർഡ് പ്രതിനിധികളും കളക്റ്റർക്കൊപ്പം ഉണ്ടായിരുന്നു.