വോട്ടർമാർക്ക് വിവിപാറ്റ് മെഷീനും ഇലക്ട്രോണിക് വോട്ടിങ് മെഷീനും പരിചയപ്പെടുത്താൻ മാതൃക ഹരിതപോളിങ് സ്‌റ്റേഷൻ കളക്ടറേറ്റ് വളപ്പിൽ സജ്ജമായി. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ഇലക്ഷൻ വിഭാഗം എന്നിവ സംയുക്തമായാണ് മാതൃക പോളിങ് സ്‌റ്റേഷൻ തയ്യാറാക്കിയത്. ഏപ്രിൽ 22 വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വോട്ടർമാർക്ക് വിവിപാറ്റ് മെഷീൻ പരിചയപ്പെടാം. ഇതിനായി മാസ്റ്റർ ട്രെയിനറുടെ സേവനം ലഭിക്കും. തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ഹരിതതെരഞ്ഞെടുപ്പ് സന്ദേശവും ഹരിതബൂത്തിലൂടെ കൈമാറും. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് പോളിങ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡൽ ഓഫിസർ എൻ.ഐ ഷാജു, ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എ ജസ്റ്റിൻ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർമാരായ എം.പി രാജേന്ദ്രൻ, എ.കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.