വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന പരാതികളുടെ തീര്‍പ്പുമായി ബന്ധപ്പെട്ട രണ്ടാം അപ്പീലിന്റെ ജില്ലാതല സിറ്റിംഗ് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നിയമ പ്രകാരം മുപ്പത്  ദിവസത്തിന് ശേഷം ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അപേക്ഷകര്‍ക്ക് ആദ്യത്തെ അപ്പീലുമായി മുന്നോട്ട് പോകാം. ഇതിലും പരിഹരിക്കപെടാത്ത  സാഹചര്യങ്ങളിലാണ് രണ്ടാം അപ്പീലെന്ന നിലയില്‍  കമ്മീഷന്‍ നേരിട്ട് സിറ്റിംഗ് നടത്തുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ എത്തുന്ന പരാതികളുടെ എണ്ണവും സ്വഭാവവും അടിസ്ഥാനമാക്കിയാണ് ജില്ലാതല സിറ്റിംഗുകള്‍ നടന്ന് വരുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, കെ.എസ്.ഇ.ബി,  മുനിസിപ്പാലിറ്റി എന്നിവയിലേതുള്‍പ്പെടെ 20 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. ഇതി•േലുള്ള തീര്‍പ്പ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കമ്മീഷന്‍ അപേക്ഷകര്‍ക്ക് അയച്ചുകൊടുക്കും.  ഇത് പാലിക്കാത്തപക്ഷം സെക്ഷന്‍ 18  അടിസ്ഥാനപ്പെടുത്തി  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ  പിഴയോ  അച്ചടക്കനടപടിയോ  കമ്മീഷന് ശുപാര്‍ശ ചെയ്യാം.
2018-19 കാലയളവില്‍ നാലോളം സിറ്റിംഗുകള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം നേരിട്ടും ഒരെണ്ണം വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുമാണ് നടത്തിയത്.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എസ്. സോമനാഥന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ പരാതി നല്‍കിയ അപേക്ഷകര്‍, അതത് ഓഫീസുകളിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.