അങ്കമാലി: ഈ ഹോസ്റ്റലിൽ ഫീസ് വേണ്ട. താമസിച്ചാൽ മാസം 280 രൂപ പോക്കറ്റ് മണി കൈയിൽ കിട്ടും. TV, ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ തുടങ്ങി വീട്ടിലെ സൗകര്യങ്ങൾ എല്ലാം. കൂടാതെ വർഷത്തിൽ 4000 രൂപ വേറെ. ഒരു നിബന്ധന മാത്രം താമസക്കാർ വിദ്യാർത്ഥികളായിരിക്കണം.

മലയാറ്റൂരിലെ ഗവൺമെൻറ് പ്രീ-മെട്രിക് ഹോസ്റ്റലാണ് സൗകര്യങ്ങൾ പുതുക്കി വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയാറായി നിൽക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ ഹോസ്റ്റൽ ഒരുക്കങ്ങൾ ഒരു മാസം മുമ്പേ പൂർത്തിയാക്കി. പട്ടികജാതി വകുപ്പിന്റെ കീഴിൽ 2005ലാണ് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങിയത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതിക്കാരായ വിദ്യാർത്ഥികൾക്കാണ് പ്രവേശനം.

ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളുടെ മുഴുവൻ പഠനച്ചെലും വകുപ്പാണ് വഹിക്കുന്നത്. ഭക്ഷണം പൂർണമായും സൗജന്യം. തുണി കഴുകാൻ വാഷിംഗ് മെഷീൻ ഉൾപ്പടെയുള്ള സൗകര്യങ്ങളുമുണ്ട്. വിദ്യാർത്ഥികൾക്ക് എണ്ണ, സോപ്പ് തുടങ്ങിയവ വാങ്ങുന്നതിനായി മാസം 280 രൂപ പോക്കറ്റ് മണിയായി നൽകും. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ 4000 രൂപ വേറെയും നൽകും. പഠനത്തിനാവശ്യമായ ബാഗ്, പുസ്തകങ്ങൾ, യൂണിഫോം എന്നിവ വാങ്ങുന്നതിനാണിത്. രാത്രിയിലെ പഠനത്തിനായി മേശയും കസേരയും
ഓരോ വിദ്യാർത്ഥിക്കും ഒരുക്കിയിട്ടുണ്ട്. ട്യൂഷൻ ആവശ്യമുള്ളവർക്ക് ട്യൂഷൻ മാസ്റ്ററുടെ സേവനവും ലഭിക്കും. മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന് അടുത്തു തന്നെയാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്.
നിലവിൽ 12 വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. 28 പേർക്ക് കൂടി അഡ്മിഷൻ ലഭിക്കുമെന്ന് ഹോസ്റ്റൽ വാർഡൻ സജീവൻ പറഞ്ഞു. പഠനത്തിൽ സഹായം വേണ്ട വിദ്യാർത്ഥികൾക്ക് നൈറ്റ് ട്യൂട്ടർമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 4 മുതൽ 6 വരെ ട്യൂഷൻ അധ്യാപകരും പഠിപ്പിക്കാൻ എത്തും.

മക്കളുടെ പഠിപ്പിന്റെ ചിലവ് കൂടി വരുന്ന കാലഘട്ടത്തിൽ രക്ഷാകർത്താക്കൾക്ക് ഏറെ അനുഗ്രഹമാണ് ഇന്നീ ഹോസ്റ്റൽ.
പട്ടികജാതി വിഭാഗക്കാരായ ആൺകുട്ടികൾക്കാണ് പ്രവേശനം. എസ്. ടി , ഒ.ബി.സി. ,ജനറൽ വിഭാഗത്തിൽ പെടുന്നവർക്ക് ഓരോ സീറ്റ് ലഭിക്കും. അങ്കമാലി ബ്ലോക്ക് ഓഫീസിലെ പട്ടികജാതി വികസന ഓഫീസിൽ നിന്നും പ്രവേശനത്തിനുള്ള അപേക്ഷ ഫോം ലഭിക്കും. വിശദ വിവരങ്ങൾക്ക് എസ്.സി പ്രമോട്ടർമാരെയോ, അങ്കമാലി ബ്ലോക്ക് ഓഫീസുമായോ ബന്ധപ്പെടണം.

ഫോട്ടോ
മലയാറ്റൂരിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ.