കോതമംഗലം: മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം എന്ന സന്ദേശമുയർത്തി കവളങ്ങാട് ഗ്രാമപഞ്ചായത്തും നേര്യമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രവും  സംയുക്തമായി ബൈക്ക് റാലി നടത്തി. ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന ആരോഗ്യ ജാഗ്രത ഭവന സന്ദർശന ഉറവിട നശീകരണ പ്രചാരണത്തിന്റെ മുന്നോടിയായാണ് പരിപാടി നടത്തിയത്. റാലി ഊന്നുകൽ സബ് ഇൻസ്പെക്ടർ നിയാസ് ഫ്ലാഗോഫ് ചെയ്തു. നെല്ലിമറ്റത്ത് നടന്ന സമാപന സമ്മേളനത്തിൽ എം.ബി.ഐ.റ്റി.എസ് കോളജ് പ്രിൻസിപ്പാൾ സോജൻ ലാൽ ആരോഗ്യ സന്ദേശം നൽകി. നേര്യമംഗലം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ: ലൂസിന ജോസഫ്, കടവൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: അഭിലാഷ് കൃഷ്ണൻ, സ്റ്റാഫ് നഴ്സ് കെ.എച്ച്. സുധീർ, ഹെൽത്ത് ഇൻസ്പെക്ടർ സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികളിൽ കോളജ് വിദ്യാർത്ഥികളും, ആശ – കുടുംബശ്രീ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു.