മേസ്തിരി പരിശീലനം പൂർത്തിയാക്കി ചെല്ലാനം പഞ്ചായത്തിലെ അഞ്ച് വനിതകൾ

കൊച്ചി: വൈദഗ്ധ്യമുള്ള തൊഴിൽ മേഖലകളിലേക്ക് വനിതകളെ കൈപിടിച്ച് ഉയർത്തുന്നതിനായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതികൾ വിജയം കൈവരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ വീട് നിർമ്മാണത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുക, ഗുണമേന്മയുള്ള വീടുകൾ നിർമ്മിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ഉദ്ദേശങ്ങളോടെ പി.എം.എ.വൈ (ജി) യിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണ് മേസ്തിരി പരിശീലനം. എറണാകുളം ജില്ലയിൽ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം നെല്ലാട് (ആർ.എസ്.ഇ.ടി) എന്ന സ്ഥാപനത്തിനാണ് മേസ്തിരി പരിശീലനം നൽകുന്നതിന് ചുമതലയുള്ളത്.

പി.എം.എ.വൈ (ജി) പദ്ധതിയിലെ ഗുണഭോക്താവായ ചെല്ലാനം സ്വദേശിനി മറിയാമ്മ ആന്റണിയുടെ ഭവന നിർമ്മാണത്തിനാണ് മേസ്തിരി പരിശീലനം ലഭിച്ചവരുടെ സേവനം വിനിയോഗിക്കുന്നത്. പത്തൊൻപത് വർഷമായി മരുമകൾക്കും അവരുടെ നാല് കുട്ടികൾക്കുമൊപ്പം ഒരു ചെറിയ കുടിലിലാണ് രോഗിയായ മറിയാമ്മ താമസിച്ചിരുന്നത്. വീട് പണിയുന്ന തൊഴിലാളികൾക്കുള്ള കൂലിയുടെ പണം ഇവർക്ക് ലാഭിക്കാൻ സാധിക്കും. മേസ്തിരി പരിശീലനം നേടുന്നവർക്ക് 45 ദിവസവും 250 രൂപ വീതം പി.എം.എ.വൈ (ജി) പദ്ധതി നിർവഹണ ചെലവ് അക്കൗണ്ടിൽ നിന്നുമാണ് നൽകുന്നത്. പദ്ധതിയിലൂടെ വീട് നിർമ്മിക്കുന്ന ഗുണഭോക്താവിന് നൽകുന്ന നാല് ലക്ഷം രൂപയിൽ 70,000 രൂപ കേന്ദ്ര ഫണ്ടും 50,000 രൂപ സംസ്ഥാന ഫണ്ടും ബാക്കിയുള്ള 2,80,000 രൂപ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവർ ചേർന്നുമാണ് നൽകുക.

ചെല്ലാനം പഞ്ചായത്തിലെ ജോസ്ലി മാർട്ടിൻ, മേരി ജാസ്മിൻ, ജോനമ്മ, ശർമ്മിള, മുത്തു പ്രദീഷ് എന്നിങ്ങനെ അഞ്ച് പേർക്കാണ് പരിശീലനം ലഭിച്ചത്. ചെല്ലാനം ആറാട്ടുകുളങ്ങര ജസ്റ്റിനാണ് പരിശീലകൻ. പരിശീലനം പൂർത്തിയാകുന്നതോടെ തൊഴിലുറപ്പ് തൊഴിലാളികളായ ഇവരുടെ കൂലി 271 രൂപയിൽ നിന്ന് 700 രൂപയായി മാറും. അതിന് ശേഷം ഇവർ വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ ചെയ്താൽ മതി. കമ്പോസ്റ്റ് പിറ്റ്, ആട്ടിൻ കൂട്, കോഴിക്കൂട്, കാലിത്തൊഴുത്ത്, ഇഷ്ടിക, ഇന്റർ ലോക്ക് എന്നിവയുടെ നിർമ്മാണ ജോലികൾ ഇനി മുതൽ ഇവർക്ക് ചെയ്യാം. വൈദഗ്ധ്യമുള്ള തൊഴിലുകൾ സ്വായത്തമാക്കുന്നതോടൊപ്പം ഇവരുടെ ജീവിത നിലവാരവും ഇതോടെ മെച്ചപ്പെടുകയാണ്.

പരിശീലനം തുടങ്ങുന്നതിന് മുൻപ് മറിയാമ്മ ആന്റണിയുടെ വീടിന് പി.എം.എ.വൈ (ജി) അഡ്വാൻസ് തുക നൽകുകയും അവശ്യ വസ്തുക്കൾ എത്തിക്കുകയും ചെയ്തു എന്നുറപ്പ് വരുത്തി. കുടുംബശ്രീ മിഷനാണ് മേസ്തിരി പരിശീലനത്തിനായി അംഗങ്ങളെ നൽകുന്നത്. ജില്ലാ തലത്തിൽ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസർ (വനിതാ ക്ഷേമം), ബ്ലോക്ക് തലത്തിൽ എക്സ്റ്റൻഷൻ ഓഫീസർ (വനിതാ വികസനം) എന്നിവരാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നതും വർക്ക് സൈറ്റ് നിരന്തരം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതും. 45 ദിവസത്തെ പരിശീലനത്തിന് 1,37,550 രൂപയാണ് ചെലവ്. ഇതിൽ 56,250 രൂപ സ്റ്റൈഫന്റ് ഇനത്തിലും 69,300 രൂപ പരിശീലകനും 6000 രൂപ ടൂൾകിറ്റ് ഇനത്തിലും 6000 രൂപ സർട്ടിഫിക്കേഷനുമായാണ് ഉപയോോഗിക്കുന്നത്. പരിശീലനത്തിന് ആകെ തുകയുടെ 30% അഡ്വാൻസ് ആയും പരിശീലനം പൂർത്തിയാകുന്നതിന് അനുസരിച്ച് 70% തുകയുമാണ് അനുവദിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.

ആദ്യ ദിവസം നടക്കുന്ന പരിചയപ്പെടുത്തൽ മുതൽ സൈറ്റ് സെറ്റ് ഔട്ട്, അടിത്തറ, ഭിത്തി കെട്ട്, ജനൽ, കട്ടിള പിടിപ്പിക്കൽ, ബാത്ത് റൂം, കക്കൂസ്, ലിന്റൽ, മേൽക്കൂര വാർക്കൽ, ഭിത്തി തേപ്പ്, തറ ടെെൽ പാകൽ, ഫിനിഷിംഗ്, പെയിന്റിംഗ്, അവലോകനം, സർട്ടിഫിക്കറ്റ് വിതരണം എന്ന ക്രമത്തിലായിരിക്കും പരിശീലനം.

നിലവിലുള്ള ബാച്ചിന്റെ പരിശീലനം വിജയകരമായതോടെ ചെല്ലാനം പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും അഞ്ച് പേരെ വീതം മേസ്തിരി പരിശീലനത്തിന് തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ദീപു. എസ്, മുൻ ബി.ഡി.ഒ ശ്യാമള വി, ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ ജസ്റ്റിൻ ഗോൺസാൽവസ്, എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിംഗ്) ഡേവിഡ് ജോസ്‌, ഹെഡ് ക്ലർക്ക് ഫ്രാങ്ക് ഹോബ്സൺ, ചെല്ലാനം പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സാദിഖ് എ, മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സുനീഷ് കെ.ജെ എന്നിവരുടെ പ്രയത്നത്തിന്റെ ഫലമായാണ് മേസ്തിരി പരിശീലനം യാഥാർത്ഥ്യമായത്.