തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് വാളയാറിലെ ആദിവാസി മേഖലകളില്‍ ഊരുക്കൂട്ടങ്ങള്‍ നടക്കാത്തതെന്നും ഊരുക്കൂട്ടങ്ങള്‍ വര്‍ഷങ്ങളായി നിലച്ചുപോയതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. വാളയാറില്‍ വിളര്‍ച്ചാരോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ പോഷകാഹാരക്കുറവിന്റെയും രോഗവ്യാപനത്തിന്റെയും കാരണം ഊരുക്കൂട്ടങ്ങള്‍ നിലച്ചതും ഇതുമുഖേനയുള്ള ഭക്ഷ്യധാന്യ വിതരണം മുടങ്ങിയതുമാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മാസംവരെ വാളയാര്‍ മേഖലയിലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യധാന്യ വിതരണം നടന്നിട്ടുണ്ട്. നടുപ്പതി, വാളയാര്‍, ചെല്ലങ്കാവ്, മംഗലത്താന്‍ചള്ള, വാദ്ധ്യാര്‍ചള്ള മേഖലകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞവര്‍ഷം രണ്ടുമാസത്തെ ഇടവേളകളിലായി ആറുതവണ ഊരുക്കൂട്ടങ്ങള്‍ ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു.
പുതുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ 329 കുടുംബങ്ങളിലായി ഇരുളര്‍, മലസര്‍ വിഭാഗത്തില്‍പ്പെട്ട 1084 പട്ടികവര്‍ഗ്ഗക്കാരാണ് താമസിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഊരുക്കൂട്ടങ്ങളിലെ ആശയങ്ങള്‍ അടിസ്ഥാനമാക്കി ചെല്ലങ്കാവ്, മംഗലത്താന്‍ചള്ള ഊരുകള്‍ കേന്ദ്രീകരിച്ച് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അംബേദ്കര്‍ സങ്കേത വികസന പരിപാടി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ രണ്ട് ഊരുകളില്‍ പ്രത്യേക ഊരുക്കൂട്ടങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും നിരന്തര വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയിലുള്‍പ്പെടുത്തി പുതുശ്ശേരി പഞ്ചായത്തിലെ പിന്നാക്കം നില്‍ക്കുന്ന 60 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അവസാനമായി ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തത്. കൂടാതെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സെപ്തംബറില്‍ ഓണക്കിറ്റ് വിതരണവും നടത്തിയിരുന്നു. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എസ്.ടി പ്രൊമോട്ടര്‍, സോഷ്യല്‍വര്‍ക്കര്‍, ആശാവര്‍ക്കര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവരുടെ നിരന്തര ഇടപെടലുകളും ഈ മേഖലയിലുണ്ട്. എല്ലാവിധ ചികിത്സാ ചെലവുകളും ജില്ലാ ആശുപത്രി, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് എന്നിവയാണ് വഹിക്കുന്നത്. ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ സേവനവും സമയബന്ധിതമായി ലഭിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഊരുക്കൂട്ടങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അതത് പ്രമോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറയ്ക്ക് ഊരുക്കൂട്ടങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.
