പിറവം: കൃഷി കൂടുതൽ  ആയാസരഹിതവും ആദായകരവുമാക്കാൻ ഉതകുന്ന വിവിധ തരം പദ്ധതികളാണ് പാമ്പാക്കുട ബ്ലോക്കിന് കീഴിൽ നടപ്പിലാക്കുന്നത്. ജൈവകൃഷി വ്യാപനത്തിന്റെ  ഭാഗമായി ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന് മുകളിൽ സജ്ജീകരിച്ചിരിക്കുന്ന തിരിനന സംവിധാനം ഏറെ ശ്രദ്ധ നേടുകയാണ്.

തിരിനന സംവിധാനം കൃഷി ഏറെ ആയാസ രഹിതവും കുറഞ്ഞ ചെലവിൽ മികച്ച വിളവ് നൽകുന്നതുമായ കൃഷി രീതിയാണ്. പച്ചക്കറികളാണ് ഈ കൃഷിരീതിയ്ക്ക് അനുയോജ്യം. നാലിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിന് മുകളിൽ തിരികൾ ഉറപ്പിച്ച ഗ്രോ ബാഗുകൾ നിശ്ചിത അകലത്തിൽ നിരത്തിയാണ് തിരിനന സംവിധാനം ഒരുക്കുന്നത്.

മുപ്പത് ഗ്രോ ബാഗുകൾ വരുന്ന തിരിനന ഒരുക്കാൻ 8000 രൂപ ചെലവ് വരും. ചെടിക്ക് ആവശ്യമായ വെള്ളം മാത്രം മതി എന്നതാണ് ഈ രീതിയുടെ മുഖ്യ സവിശേഷത. ജല ലഭ്യത കുറവുള്ളിടത്തും മട്ടുപ്പാവിലും യോജിച്ച കൃഷിരീതിയാണിത്. പി വി സി പൈപ്പിന്റെ വശങ്ങളിൽ രണ്ട് ഇഷ്ടികകൾ വെച്ച് അതിന് മുകളിലാണ് ഗ്രോബാഗ് വയ്ക്കുന്നത്. ഇരുവശങ്ങളിലും മുകളിലേക്ക് വളഞ്ഞിരിക്കുന്ന പൈപ്പിൽ നിശ്ചിത അളവിൽ വെള്ളം ഒഴിച്ച് കൊടുത്താൽ മതി.

ഗ്രോബാഗിന്റെ അടി തുളച്ച് പൈപ്പിലെ വെള്ളത്തിലേക്കും ഗ്രോ ബാഗിലെ മണ്ണിലേക്കും ഇറങ്ങിയിരിക്കുന്ന വിധമാണ് തിരി സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചിത നീളവും വണ്ണവുമുള്ള ഗ്ലാസോൾ നിറച്ച ഈ തിരി തയ്യാറാക്കാൻ വൈദഗ്ദ്ധ്യം വേണം.തിരി ഒന്നിന് 20 രൂപ നിരക്കിൽ പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സെന്റെറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ ആർമിയിൽ നിന്നും  ലഭിക്കും. പരിചയസമ്പന്നരല്ലാത്തവർക്ക് കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടുള്ള ഗ്ലാസോളും മറ്റ് അനുബന്ധ സാധനങ്ങളും വാങ്ങി തിരി ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ഇവിടെ നിന്ന് വാങ്ങുന്നതാണ്.

മണ്ണിൽ ചെടിക്ക് ആവശ്യമായ അളവിൽ ഈർപ്പം നിലനിർത്തുകയാണ് തിരി. മണ്ണിൽ നിന്ന് ചെടി ജലം വലിച്ചെടുക്കുന്നതനുസരിച്ച് തിരിയിലൂടെ ജലം മണ്ണിലെത്തും. ചെടിക്കാവശ്യമായ വെള്ളം മാത്രം ഉപയോഗിച്ച് ജലനഷ്ടം കുറയ്ക്കാൻ ഇതിലും നല്ല സംവിധാനമില്ല. ശ്രദ്ധിച്ച് ഉപയോഗിച്ചാൽ നാല് വർഷം വരെ ഒരു ഗ്രോ ബാഗ് നിലനിൽക്കും. 80 രൂപ നിരക്കിൽ നിറച്ച ബാഗുകൾ ഇവിടെ ലഭിക്കും.

നടാൻ പാകമായ വിവിധ ഇനം പച്ചക്കറി തൈകൾ, വിത്തുകൾ, വളം എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ഗുണമേന്മയുള്ള കാർഷിക ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സെന്റെറിന്റെ പ്രവർത്തനങ്ങൾ പഠിക്കുവാൻ എത്തിയ മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷി ഉദ്യോഗസ്ഥരുടെ സംഘം സെന്റെറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പേർ നൂതന കൃഷി രീതികൾ പരിചയപ്പെടാൻ ഇവിടെ എത്തുന്നുണ്ട്. അഗ്രോ സെന്റെറിന് കീഴിൽ ഗ്രീൻ ആർമി നടത്തുന്ന പച്ചക്കറി തൈ ഉൽപാദന കേന്ദ്രവും ധാരാളം പേരെ ആകർഷിക്കുന്നു. ആവശ്യാനുസരണം വീടുകളിലും സ്ഥാപനങ്ങളിലും ഗ്രീൻ ആർമി തിരിനന കൃഷി സജ്ജീകരിക്കും.

ക്യാപ്ഷൻ

പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സെന്റെർ  സജ്ജീകരിച്ചിരിക്കുന്ന മാതൃക തിരിനന കൃഷി.