ജൂൺ ഒന്നുമുതൽ പ്രളയ സെസ് ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വേണ്ടി സംസ്ഥാനത്തിനകത്തുള്ള  സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിന് ഒരു ശതമാനം സെസ് ചുമത്തുന്നതിനു ജി.എസ്.ടി കൗൺസിൽ നേരത്തെ അനുവാദം നൽകിയിരുന്നു.
സ്വർണം ഒഴികെ അഞ്ചു ശതമാനമോ അതിൽ താഴെയുള്ള സ്ലാബിൽപെട്ട ചരക്കുകളുടെ മേൽ സെസ് ഏർപ്പെടുത്തിയിട്ടില്ല. കോമ്പോസിഷൻ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ചാമത്തെ പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണം ഉൾപ്പടെയുള്ള ചരക്കുകൾക്കു 0.25 ശതമാനവും ജി.എസ്.ടി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയിൽ വരുന്ന ചരക്കുകളുടെയും അഞ്ചുശതമാനവും അതിൽ കൂടുതലും നികുതിനിരക്കുള്ള സേവനങ്ങളുടെയും വിതരണത്തിന് വിതരണമൂല്യത്തിൻമേലാണ് ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന് അകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിൽ, അതായത് ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും നൽകുന്ന വിതരണമൂല്യത്തിൽമേൽ മാത്രമായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്. അതതു മാസത്തെ പ്രളയസെസ് വിവരങ്ങൾ ഫോം നമ്പർ  KFC -A Kerala Flood Cess Rules  2019 ൽ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം.