കഴിഞ്ഞ രണ്ട് ബജറ്റുകളിലായി അടൂര്‍ മണ്ഡലത്തില്‍ 500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം വടക്കടത്തുകാവ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ വലിയ തുകയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിന് പുതിയ കെട്ടിടവും നിര്‍മിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ യുപി സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപയും എല്‍പി വിവിധ എല്‍പി സ്‌കൂളുകള്‍ക്ക് ഓരോ കോടി രൂപയും അനുവദിച്ചു. പന്തളത്ത് പുതിയ വില്ലേജ് ഓഫിസിന്റെ നിര്‍മാണം, പള്ളിക്കല്‍, ഏഴംകുളം വില്ലേജ് ഓഫീസുകളുടെ നവീകരണം, 14 സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ വാഹനങ്ങള്‍, 36 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത് ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് അടൂര്‍ മണ്ഡലത്തില്‍ നടന്നുവരുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും ജനജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സ്ഥലപരിമിതി മൂലം ജീവനക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏറത്ത് പഞ്ചായത്തില്‍ പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ നല്‍കുവാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് റ്റി.ഡി.സജി, ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജേഷ്‌കുമാര്‍, ടി.സരസ്വതി, വത്സമ്മ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഖില ജിജു തരകന്‍, ചന്ദ്രമതി രവി, ആശാ ഷാജി, വാര്‍ഡംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റ്റി.ഡി.ബൈജു, ഏഴംകുളം അജു, ആസൂത്രണ സമിതി വൈസ്‌ചെയര്‍മാന്‍ പ്രൊഫ.പ്രഭാകരക്കുറുപ്പ്, ഉഷാ ഉദയന്‍, രാജ് കുമാര്‍, സി.സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.