കുട്ടികള്‍ ഇരകളാകുംവിധം വളരെ അപകടകരമായ രീതി സാമൂഹ്യ ജീവിതത്തില്‍ ഇന്ന് വന്നുചേര്‍ന്നിട്ടുണ്ടെന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനുമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ട് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല റെസ്പോണ്‍സിബിള്‍ പാരന്റിംഗ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ ശല്യമായി തോന്നുന്ന രക്ഷാകര്‍ത്താക്കളുടെ എണ്ണം സമൂഹത്തില്‍ കൂടിവരികയാണ്. അഞ്ച് വര്‍ഷം മുമ്പ് കുട്ടികള്‍ കൊലചെയ്യപ്പെടുന്ന വാര്‍ത്തകള്‍ പരിമിതമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ മാത്രം ഇത്തരത്തില്‍ ആറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആര്‍ഭാട ജിവിതത്തിനും മറ്റും കുട്ടികള്‍ തടസ്സമായി തീരുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നു. സ്വാര്‍ത്ഥതയിലൂന്നിയ ജീവിതപരിസരം രൂപപ്പെട്ടുവരുന്നുണ്ട്. പലരും അപരിഷ്‌കൃതമായ ജീവിതക്രമം തുടരുകയാണ്. ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ കാലത്തും സമൂഹത്തില്‍ മന്ത്രവാദം കൂടിവരുന്നു. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായി ഇതിനെ കാണാന്‍ സാധിക്കില്ല. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ സമീപകാല സംഭവങ്ങളിലെല്ലാം ചെറുപ്പക്കാരായ മാതാപിതാക്കളാണ് കുറ്റവാളികള്‍. ഇത്തരം പ്രവണതകളെ മികച്ച ബോധവല്‍ക്കരണത്തിലൂടെയും ജാഗ്രതയിലൂടെയും തടയാന്‍ സാധിക്കണം. കുട്ടികള്‍ അപമാനിക്കപ്പെടുകയോ ക്രൂരമായ ജീവഹാനിക്കിരയാകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത്, സംയോജിത ശിശുവികസന പദ്ധതി, സിഡിപിഒ സൂപ്പര്‍വൈസര്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഒആര്‍സി, ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ കൗണ്‍സിലേര്‍സ്, അധ്യാപകര്‍, ജെപിഎച്ച്എന്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഗ്ലോബല്‍ പാരന്റിംഗ് ദിനത്തില്‍ ‘കരുതല്‍ സ്പര്‍ശം കൈകോര്‍ക്കോം കുട്ടികള്‍ക്കായി’ പദ്ധതിയുടെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, വിവിധ എന്‍ജിഒകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ബൃഹത് ക്യാമ്പയിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സി എ ബിന്ദു അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത രക്ഷാകര്‍ത്തൃത്വം, കുട്ടികളുടെ അവകാശ സംരക്ഷണം, സമൂഹമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് സുരേഷ് കുമാര്‍, എഡിഎം ഇ മുഹമ്മദ് യൂസുഫ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എം പി അബ്ദുറഹിമാന്‍, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിധീഷ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
