പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്‌ക്കരണകേന്ദ്രത്തില്‍ അജൈവ മാലിന്യങ്ങള്‍ ഉടന്‍ ശേഖരിക്കും. പ്രതിമാസം 100 രൂപ ചാര്‍ജ്ജ് ഈടാക്കിയാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുക. ജൈവ -അജൈവ മാലിന്യങ്ങള്‍ക്ക്150 രൂപയും ചാര്‍ജ്ജ് ഈടാക്കും. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ നടന്ന പാലക്കാട് നഗരസഭാ പ്രതിനിധികള്‍, കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ ശുചിത്വ മിഷന്‍ ഉള്‍പ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. വീടുകളില്‍ നിന്നും ഉടന്‍ തന്നെ ഇവ ശേഖരിച്ചു തുടങ്ങുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ അറിയിച്ചു. നഗരസഭയ്ക്കു കീഴില്‍ 36000 വീടുകളും 12000 സ്ഥാപനങ്ങളുമാണുള്ളത്. സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് അളവനുസരിച്ചായിരിക്കും ചാര്‍ജ്ജ് ഈടാക്കുക. മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ജൈവവളം വില്‍പനയ്ക്കായി തയ്യാറാക്കും. ഉത്പാദിപ്പിക്കുന്ന ജൈവവളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചായിരിക്കും വില്‍പന. ഇതിനായി പാലക്കാട്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാരുടെ യോഗം വിളിക്കുകയും പാടശേഖരസമിതികള്‍ക്ക് വില്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് വാങ്ങുന്നതിനായി ബിന്നുകള്‍ നല്‍കും. പ്ലാന്റിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ബയോമൈനിംഗ്, ബയോക്യാപിംഗ് പ്രൊജക്ടുകള്‍ വെക്കുകയും പ്ലാന്റിനു ചുറ്റും ഡ്രൈനേജ് സ്ഥാപിക്കുകയും മലിനജലസംസ്‌ക്കരിക്കുന്നതിന് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളില്‍ 120 ടണ്‍ വേര്‍തിരിച്ചു. ഇതില്‍ 40 ടണ്‍ ഒന്നാംതരം (പൂര്‍ണമായും ഉപയോഗിക്കാവുന്ന ജൈവവളം) തരംതിരിച്ചു വില്‍ക്കാവുന്നതും 11 ടണ്‍ രണ്ടാംതരത്തില്‍ (മണലിന്റെ അളവ് കൂടുതലും വളത്തിന്റെ അളവ് അല്പം കുറവും) ഉള്‍പ്പെട്ടതും 70 ടണ്‍ റിജക്റ്റഡ് (തീരെ ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വേസ്റ്റ്) മാലിന്യവുമാണ്.
നഗരത്തില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴികളില്‍ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ ഉടനെ തന്നെ ജൈവവളമായി ഉപയോഗിക്കും. മാലിന്യങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
