* മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കും

തിരഞ്ഞെടുപ്പുഘട്ടത്തിൽ നൽകിയ വാഗ്ദാനങ്ങളുടെ നടപ്പാക്കൽ പുരോഗതി വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ 10 നു പ്രകാശനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം നിർവഹിക്കും. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
മൂന്നുവർഷം പൂർത്തിയാക്കിയ സർക്കാർ പ്രകടനപത്രികയിൽ നൽകിയ 600 വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ സർക്കാർ നടത്തിയ ചില പ്രധാനപ്രവർത്തനങ്ങളും അനുബന്ധമായി ചേർത്തിട്ടുണ്ട്.
സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ, പ്രളയാനന്തര പുനർനിർമാണം, അടിയന്തരസഹായങ്ങൾ, കേരള പുനർനിർമാണ പദ്ധതി, ലോക പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രി ചെയ്ത പ്രസംഗം, കിഫ്ബി പ്രവർത്തനങ്ങൾ, മറ്റു പ്രധാന പദ്ധതികളും പ്രവർത്തനങ്ങളും, മികവിനു കിട്ടിയ അംഗീകാരങ്ങൾ തുടങ്ങിയവയും പ്രോഗ്രസ് റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങുകളെത്തുടർന്ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീതവിരുന്നുമുണ്ട്.