‘ലിറ്റിൽ കൈറ്റ്‌സ്’ ഐടി ക്ലബ്ബുകളിൽ അടുത്ത വർഷത്തേക്കുള്ള അംഗത്വം ലഭിക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ള 2060 ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കൂട്ടികൾക്ക് അതത് സ്‌കൂളുകളിൽ ജൂൺ 24 വരെ അപേക്ഷ സമർപ്പിക്കാം. ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കെറ്റ്‌സ് ക്ലബ്ബുകളുടെ പ്രവർത്തനം.
നിലവിൽ ഒൻപതാം ക്ലാസിലെ 56544 കുട്ടികൾ ഉൾപ്പെടെ 1.15 ലക്ഷം കുട്ടികൾ ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളാണ്.  അപേക്ഷിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തെയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ ജൂൺ 28 ന് അഭിരുചി പരീക്ഷ നടത്തിയായിരിക്കും അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. സർക്കുലറും സ്‌കൂളുകളുടെ ലിസ്റ്റും www.kite.kerala.gov.in ൽ ലഭ്യമാണ്.