ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹോമിയോ), ഡോ. സി.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ദ്രുതകര്‍മ സാംക്രമികരോഗ നിവാരണ സെല്‍ (ഹോമിയോപ്പതി റീച്ച്), ജില്ലാ പഞ്ചായത്ത്, പൂവാര്‍ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ജെ. അഗസ്റ്റിന്‍ നയിച്ചു. മെഡിക്കല്‍ ഓഫിസര്‍മാരായ  ഡോ. എ.എസ്. ദീപ, ഡോ. കെ.എം. ഫെമിന, ഡോ. ജി.ബീന, ഡോ. സിബി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടന്നു.

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ സ്ഥാപനങ്ങള്‍ വഴി സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസുകള്‍, സൗജന്യ പ്രതിരോധ മരുന്ന് വിതരണം എന്നിവ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുകിന്റെ ഉറവിട നശീകരണം, ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.