പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കൊല്ലം ജില്ലയില്‍ 145 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അഞ്ച് കോടി രൂപവീതം 11 സ്‌കൂളുകളിലും മൂന്ന് കോടി രൂപവീതം 30 സ്‌കൂളുകളിലുമായാണ് രണ്ടു ഘട്ടങ്ങളിലായി നിര്‍മാണം. കിഫ്ബി വഴിയാണ് ധനസഹായം ലഭ്യമാക്കുക.
അഞ്ച് കോടി രൂപയുടെ വിഭാഗത്തില്‍ ശൂരനാട് സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാവും. അഞ്ചല്‍ ഈസ്റ്റ്, കൊട്ടാരക്കര, വെള്ളമണല്‍, കടയ്ക്കല്‍, അഞ്ചാലുംമൂട് സ്‌കൂളുകളുടെ അന്‍പത് ശതമാനത്തില്‍ അധികം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ഇവ സെപ്തംബറോടെ പൂര്‍ത്തിയാവും. ചാത്തന്നൂര്‍, കരുനാഗപ്പള്ളി സ്‌കൂളുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിയാണ് തുടങ്ങിയത്. കുലശേഖരപുരം, ഒറ്റക്കല്‍ സ്‌കൂളുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലാത്തതിനാല്‍ കരാറുകാര്‍ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്.
മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മാങ്ങാട്, കടപ്പ സ്‌കൂളുകള്‍ ജൂലൈയിലും പുനലൂര്‍, പനയില്‍ പെരിങ്ങാട് എന്നീ സ്‌കൂളുകള്‍ സെപ്തംബറിലും അഞ്ചല്‍ വെസ്റ്റ്, ഏരൂര്‍, കുലശേഖരപുരം, വള്ളിക്കീഴ്, ഒറ്റക്കല്‍, ചവറ സ്‌കൂളുകള്‍ ഡിസംബറിലും പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ•നമന സ്‌കൂളിലെ നിര്‍മാണ പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 25-നാണ് അവസാന തീയതി. കേരളപുരം സ്‌കൂളിന്റെ ഡി പി ആര്‍ പുതുക്കേണ്ടതുണ്ട്. മുട്ടറ, വാക്കനാട്, പരവൂര്‍ സ്‌കൂളുകള്‍ ധനകാര്യ അനുമതിക്കായി കിഫ്ബിയുടെ പരിഗണനയിലാണ്.
മുഴുവന്‍ സ്‌കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനും ഈ അധ്യയനവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
