കുറുപ്പംപടി: ഹൃദയതാളം പദ്ധതിക്ക് അംഗീകാരം നേടിയ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വേങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫീറ്റോ ഡോപ്ലറിന്റെ വിതരണോദ്ഘാടനം നടത്തി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് കെ.പി .വർഗീസ് അശമന്നൂർ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസറിന് ഫീറ്റോ ഡോ പ്ലർ നൽകി ഉദ്ഘാടനം ചെയ്തു.

ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് അറിയുന്നതിനും ,വൈകല്യങ്ങൾ നേരത്തേ മനസ്സിലാക്കാനും കഴിയുന്ന ഉപകരണമാണ് ഫീറ്റോ ഡോപ്ലർ . ആരോഗ്യ കേന്ദ്രങ്ങളിൽ
ഫീറ്റോ ഡോപ്ലർ സ്ഥാപിക്കുന്ന പദ്ധതിയാണ് ഹൃദയതാളം . 31 ഉപകേന്ദ്രങ്ങളിലാണ് ഹൃദയതാളം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു കീഴിലെ എല്ലാ ഉപകേന്ദ്രങ്ങളിലും ഈ സൗകര്യം ഒരുക്കുന്നത് .

പാലിയേറ്റീവ് കെയർ പരിപാടിയുടെ ഭാഗമായി ഹൃദയരോഗ ചികിത്സ മരുന്നുകളുടെ വിതരണം ഉദ്ഘാടനവും നടത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കാണ് ഈ സേവനം ലഭിക്കുക.

കൂടാതെ എല്ലാ കേന്ദ്രങ്ങളിലും ബി.പി.അപ്പാരറ്റസ് ,ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പ് എന്നിവയും ബ്ലോക്ക് പഞ്ചായത്ത് നൽകും .വേങ്ങൂർ സി.എച്ച് സി യിലും കോടനാട് എഫ്എച്ച്സി ,മുടക്കുഴ ,അശമന്നൂർ,രായമംഗലം ,ഒക്കൽ എന്നീ പി എച്ച് സി കളിലും ശ്വാസകോശരോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിയുന്ന പൾസ് ഓക്സിമീറ്റർ, റെസ്പിറോ മീറ്റർ എന്നിവ ലഭ്യമാക്കും. ശ്വാസതടസ്സമുള്ളവർക്ക് ഇൻഹേലർ നൽകാനും ബ്ലോക്ക് പഞ്ചായത്ത് നടപടിയെടുത്തിട്ടുണ്ട്.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമാരായ പോൾ ഉതുപ്പ് , മിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. പ്രകാശ്, സീന ബിജു, ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: വേങ്ങൂർ സി എച്ച് സി യിൽ ഫീറ്റോ ഡോപ്ലറിന്റെ വിതരണോദ്ഘാടനവും ഹൃദയ രോഗ ചികിത്സയ്ക്കുള്ള മരുന്ന് വിതരണവും