ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സ്പില്‍ ഓവര്‍ ഉള്‍പ്പെടെയുള്ള 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ പ്രൊജക്ട് കോപ്പി, അക്കൗണ്ട് നമ്പര്‍ എന്നിവ ജൂലൈ 30 നകം സമര്‍പ്പിച്ച് പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വിതരണത്തിന് ജില്ലാ പഞ്ചായത്ത് 2.80 കോടി നീക്കിവെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ഇതിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂടെ ചേര്‍ത്ത് മുഴുവന്‍ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി ഉറപ്പു വരുത്തും.
ഗ്രാമ പഞ്ചായത്തുകളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിന് നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ട ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. അതിനാല്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന് സുഗമമായി പ്രവര്‍ത്തിക്കുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കോര്‍പറേഷന്‍, കൊയിലാണ്ടി നഗരസഭ, അഴിയൂര്‍, അത്തോളി ഗ്രാമപഞ്ചായത്തുകള്‍ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് കോഴി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും കോഴി മാലിന്യം സംസ്‌കരിക്കുന്നതിനാവശ്യമായ നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന സമയത്ത് തന്നെ മാലിന്യ സംസ്‌കരണം ഉറപ്പു വരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എം എ ഷീല, സര്‍ക്കാര്‍ നോമിനി പ്രൊഫ. പി ടി അബ്ദുല്‍ ലത്തീഫ്, ഡി പി സി അംങ്ങള്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.