കേരളത്തിലേക്കുള്ള  അനധികൃത പാലിന്റെ ഒഴുക്ക് തടയാന്‍ സംസ്ഥാനത്തെ എല്ലാ അതിര്‍ത്തി ജില്ലകളിലും  പാല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. ആര്യങ്കാവ് പാല്‍ പരിശോധന ചെക്ക്‌പോസ്റ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് ഗുണനിലവാരമില്ലാത്ത പാല് കടത്തി വിടില്ലെന്നും ഇതിന് ശക്തമായ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പാറശ്ശാലയില്‍ പാല്‍ പരിശോധന ചെക്‌പോസ്റ്റ് നിര്‍മാണ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ധനവകുപ്പ് അനുമതി ലഭിച്ചാലുടന്‍ കേന്ദ്രം യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റയുടെ  ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നിയമനിര്‍മാണം നടത്തും. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍  107 കോടി രൂപയുടെ പദ്ധ തികള്‍ ആണ്  ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 300 കോടി രൂപയോളം ക്ഷീര മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്.
ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതു പരിഹരിക്കുവാന്‍  സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. കന്നുകുട്ടിയെ ദത്തെടുക്കുന്ന പദ്ധതി, കിടാരി പാര്‍ക്ക് തുടങ്ങിയവ ക്ഷീരകര്‍ഷകരുടെ  ക്ഷേമത്തിനായി  ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്. കാലിത്തീറ്റയുടെ വില വര്‍ധനവ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.  മില്‍മയും  കേരള ഫീഡ്‌സും ഈ മേഖലയില്‍ കര്‍ഷകരെ സഹായിക്കുന്ന  നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഗുണനിലവാരമുള്ള  കാലിത്തീറ്റ  ലഭ്യമാക്കുവാന്‍   ഈ രണ്ടു ഏജന്‍സികള്‍ക്കും സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷയായി.  കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ എന്‍ രാജന്‍, കേരള ഫീഡ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍, തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, തെന്‍മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലജ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രദീപ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍, ഡി എഫ് ഒ എസ് സണ്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി രവീന്ദ്രന്‍പിള്ള, മറ്റ് ജനപ്രതിനിധികള്‍, വിവിധ ക്ഷീരസംഘം പ്രസിഡന്റുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.