ആരോഗ്യ രംഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ആധുനികവും ജനകീയവുമായ സംവിധാനങ്ങൾ കൊണ്ടു വരാൻ സർക്കാർ നടപടി ആരംഭിച്ചതായി ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങളുളള ജില്ലാ പ്രാരംഭ രോഗനിർണ്ണയ ചികിത്സാ കേന്ദ്രത്തിനായുളള നവീകരിച്ച കെട്ടിടത്തിന്റെയും കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റിന്റെയും നവജാതശിശുക്കളുടെ ആധാർ എന്റോൾമെന്റ് പദ്ധതിയുടെയും ഉദ്ഘാടനവും മൊബൈൽ പ്രാരംഭ രോഗ നിർണ്ണയ ചികിത്സാ യൂണിറ്റിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്ത് ആകമാനം ആറ് വികസന ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തിൽ 25 വാഹനങ്ങളാണ് മൊബൈൽ ചികിത്സാ യൂണിറ്റിനായി ഒരുക്കിയിട്ടുളളത്. രോഗപ്രതിരോധനത്തിലൂന്നിയ ആരോഗ്യനയത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത് – മന്ത്രി പറഞ്ഞു.
പിജി ഡോക്ടർമാർ, ഹൗസ് സർജൻമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരുടെ സമരം രോഗികളോടും ജനങ്ങളോടുമുളള വെല്ലുവിളിയാണ്. മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. ഇതിനിടയിൽ യഥാസമയം നോട്ടീസ് നൽകാതെയുളള സമരം ജനങ്ങൾക്ക് ബുദ്ധിമുട്ടാകും. സമരം രോഗികളെ ബാധിക്കാതിരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഡോക്ടർമാരുടെ 861 ഉം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പു അദ്ധ്യാപകരുടെ 175 ഉം തസ്തികകളാണ് സൃഷ്ടിച്ചത്. ഒന്നരവർഷത്തിനിടയിൽ 4100 പുതിയ തസ്തികകളും സൃഷ്ടിക്കാൻ കഴിഞ്ഞു. ആർദ്രം പദ്ധതിയുടെ ഭാഗമായി കൂടുതൽ ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കും. ഡോക്ടർമാർക്ക് സർക്കാർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം രോഗികൾക്ക് ലഭിക്കാനും സർക്കാർ മെഡിക്കൽ കോളേജുകളുടെ അംഗീകാരം നഷ്ടമാകാതിരിക്കാനുമാണ് ഈ മേഖലയിൽ പെൻഷൻ പ്രായം വർദ്ധിപ്പിച്ചത്. ഇതുമൂലം ആരുടെയും അവസരം നഷ്ടപെടില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി, കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. പി. ആർ സോന, മുൻ എം.എൽ.എ വി.എൻ വാസവൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. സണ്ണി പാമ്പാടി, വാർഡ് കൗൺസിലർ സാബു പുളിമൂട്ടിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രതി ബി ഉണ്ണിത്താൻ, ജില്ല മാസ് മീഡിയ ഓഫീസർ ജെ. ഡോമി തുടങ്ങിയവർ സംസാരിച്ചു.