പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന കരിഞ്ചോലമലയില്‍ തകര്‍ന്ന റോഡ് പൂര്‍വസ്ഥിതിയിലേക്ക്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് വെട്ടിയൊഴിഞ്ഞതോട്ടം-കരിഞ്ചോല-പൂവന്‍മല റോഡില്‍ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്. 2018 ജൂണ്‍ 14നുണ്ടായ ഉരുള്‍പൊട്ടലില്‍ ആര്‍ത്തലച്ചു വന്ന മലവെള്ളം 14 മനുഷ്യജീവനുകളാണ് കവര്‍ന്നത്. ഇതോടൊപ്പം മലയടിവാരത്തുള്ള റോഡും 500 മീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇതോടെ പൂവന്‍മല ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദുരന്തമുണ്ടായ സമയം പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം അനുവദിച്ചത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയറുടെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിച്ചു.
ഉരുള്‍പൊട്ടലില്‍ വലിയ പാറക്കല്ലുകള്‍ വന്നടിഞ്ഞ പ്രദേശത്ത് പുനര്‍നിര്‍മ്മാണം നടത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി മൂന്ന് മാസം മുമ്പ് ആരംഭിച്ച പ്രവൃത്തി 2019 ജൂലൈ ആദ്യവാരം പൂര്‍ത്തിയാക്കി. കൂറ്റന്‍ പാറക്കല്ലുകള്‍ പൊട്ടിച്ചുമാറ്റിയാണ് നിര്‍മ്മാണം നടത്തിയത്. റോഡ് ഒലിച്ചുപോയ ഭാഗത്ത് കരിങ്കല്‍ഭിത്തി കെട്ടിയുയര്‍ത്തി കോണ്‍ക്രീറ്റ് ബെല്‍റ്റ് നിര്‍മ്മിച്ച് സുരക്ഷിതമാക്കി. പിന്നീട് മണ്ണുനിറച്ച് പൂര്‍വസ്ഥിതിയിലാക്കി. രണ്ട് ഭാഗങ്ങളില്‍ കലുങ്കുകളും നിര്‍മ്മിച്ചു ഗതാഗതയോഗ്യമാക്കി. പുനര്‍നിര്‍മ്മിച്ച ഭാഗത്തെ സോളിങും ടാറിങുമടക്കമുള്ള പ്രവൃത്തി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ പറഞ്ഞു.
2.9 കി.മി ദൂരമുള്ള വെട്ടിയൊഴിഞ്ഞതോട്ടം-കരിഞ്ചോല-പൂവന്‍മല റോഡ് പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മിച്ചത്. ഇതില്‍ പൂവന്‍മല ഭാഗത്ത് കുറച്ചുഭാഗം മണ്‍പാതയാണ്. ഇത് ടാര്‍ ചെയ്ത് നവീകരിക്കുന്നതിന് കാരാട്ട് റസാക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധിഷ് കല്ലുള്ളതോട് അറിയിച്ചു.