കുറുമശ്ശേരി: പച്ച തേങ്ങ സംഭരിക്കണം, കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യ പരിശീലിപ്പിക്കണം , മണ്ണ് പരിശോധനാ സാമഗ്രികൾ കൃത്യ സമയത്ത് ലഭ്യമാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാറക്കടവ് ബ്ലോക്കിന്റെ കർഷക സഭ. ഗ്രാമപഞ്ചായത്ത് വാർഡുതല കർഷകഗ്രാമസഭകളിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങളാണ് കൃഷി ഓഫീസർമാർ ബ്ലോക്ക് കർഷക സഭയിൽ അവതരിപ്പിച്ചത്. ബ്ലോക്കിനു കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും കൃഷി ഓഫീസർമാർ ചർച്ചയിൽ പങ്കെടുത്തു. കർഷക സഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
കേരഗ്രാമം പോലുള്ള തെങ്ങിനെ സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടതായി ശ്രീമൂലനഗരം പഞ്ചായത്ത് കൃഷി ഓഫീസർ ലക്ഷ്മി ശ്രീ സി.എസ് ചർച്ച ചെയ്തു. മഴ മറ, ഡ്രിപ് സ്പിങ്ക്ലർ എന്നിവയുടെ നിർമ്മാണം കർഷകർ സ്വയം ചെയ്യുന്നതിന് സബ്സിഡി നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടതായി ഓഫീസർ അറിയിച്ചു. ജനകീയാസൂത്രണ പദ്ധതിയിലൂടെ നെൽക്കൃഷി വികസനം , സമഗ്ര വാഴകൃഷി വികസനം, സമഗ്ര ജാതി കൃഷി വികസനം വനിതകൾക്ക് പച്ചക്കറി കൃഷിയിൽ സബ്സിഡി എന്നിവ പഞ്ചായത്തിൽ നടപ്പിലാക്കിയതായി ഓഫീസർ അറിയിച്ചു.

കൃഷി നാശത്തിനുള്ള ആനുകൂല്യം കാലതാമസം കൂടാതെ നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടതായി നെടുമ്പാശ്ശേരി കൃഷി ഓഫീസർ സിമി എസ് അറിയിച്ചു. തരിശ് കിടക്കുന്ന പാടങ്ങൾ കൃഷി ചെയ്യുന്നതിന് കരം അടച്ച രസീത് ഇല്ലാതെ തന്നെ സബ്സിഡി ലഭിക്കുവാനുള്ള സംവിധാനം വേണം, കാർഷിക വാർത്തകൾ കർഷകരെ അറിയിക്കുവാൻ വിവിധ സ്ഥലങ്ങളിൽ നോട്ടീസ് ബോർഡുകൾ സ്ഥാപിക്കുക, തെങ്ങ് സംരക്ഷണത്തിനായി പദ്ധതികൾ ആരംഭിക്കുക, കൃഷി ഭവനുകളിൽ പച്ചതേങ്ങാ സംഭരണം പുനരാരംഭിക്കുക, കിഴങ്ങുവർഗ വിളകളുടെ കൃഷിക്കായി സബ്സിഡി നൽകുക , കുമ്മായം സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, കേടു വന്ന തെങ്ങ് വെട്ടിമാറ്റി പുതിയത് വക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരിക, നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ തോട് വൃത്തിയാക്കാൻ ഫണ്ട് കർഷക സമിതികൾക്കു നൽകുക, ഇഞ്ചി, മഞ്ഞൾ കൃഷിക്കായി സബ്സിഡി നൽകുക, നെല്ല് സംഭരണം കൃഷി ഭവൻ വഴി യാക്കുക , യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നെടുമ്പാശ്ശേരി പഞ്ചായത്തിലെ കർഷകർ ഉന്നയിച്ചതായി കൃഷി ഓഫീസർ അറിയിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി പഞ്ചായത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയതായും ഓഫീസർ പറഞ്ഞു.
നെൽകൃഷിക്ക് കുമ്മായം ലഭ്യമാക്കണ മെന്ന ആവശ്യമാണ് കുന്നുകര പഞ്ചായത്തിലെ കർഷകർ അവതരിപ്പിച്ചത്. നിലങ്ങൾ കൃഷി ചെയ്യാനുള്ള സൗകര്യമുണ്ടാക്കണം പച്ചക്കറി കൃഷിക്ക് കൂടുതൽ ക്ലസ്റ്റർ അനുവദിക്കുകയും വിപണന കേന്ദ്രങ്ങൾ ഉണ്ടാക്കുകയും വേണം , കേടു വന്ന തെങ്ങ് വെട്ടിമാറ്റാൻ സ്കീം അനുവദിക്കണം , കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണണം , തേങ്ങാ സംഭരണം നടപ്പിലാക്കുക തുടങ്ങി കർഷക ആവശ്യങ്ങളും കുന്നുകര കൃഷി ഓഫീസർ സൗമ്യ സണ്ണി അവതരിപ്പിച്ചു.
കൃഷിയിടങ്ങളിലേക്ക് ഉപ്പ് വെള്ളം കയറുന്ന പ്രശ്നമാണ് പുത്തൻവേലിക്കരയിലെ കർഷകർ മുന്നോട്ട് വച്ചത്. മണ്ണ് പരിശോധനാ സാധനങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുക, കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യ പരിശീലിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷകർക്കു വേണ്ടി കൃഷി ഓഫീസർ അമൃത കെ ആവശ്യപ്പെട്ടു.
കൃഷിഭവൻ തലത്തിൽ നടപ്പിലാക്കുന്ന വിവിധ സ്കീമുകൾ കർഷകരെ അറിയിക്കുക , നെല്ല് സംഭരണ തുക കർഷകർക്ക് സമയബന്ധിതമായി ലഭിക്കാനുള്ള ഇടപെടലുകൾ പ്രത്യേകമായി നടപ്പിലാക്കുക , പ്രളയം മൂലം നടീൽ വസ്തുക്കൾ നഷ്ടമായ ഇഞ്ചി, കുരുമുളക്, ജാതി മുതലായവയുടെ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുക , വേനൽക്കാല പച്ചക്കറി കൃഷി വികസനത്തിന് ഊന്നൽ നൽകി കൂടുതൽ ഫണ്ട് ലഭ്യമാക്കുക , സമഗ്ര പച്ചക്കറി വികസനം സബ്സിഡി ആനുകൂല്യം വർധിപ്പിക്കുക , കർഷക പഠന യാത്രകൾക്ക് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പാറക്കടവ് പഞ്ചായത്ത് കൃഷി ഓഫീസർ അവതരിപ്പിച്ചു.

കർഷക സഭയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യർ , പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കപ്രശ്ശേരി, റീന രാജൻ, മിനി എൽദോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജേഷ് മഠത്തിമൂല, സി എസ് രാധാകൃഷ്ണൻ , സിനി ജോണി, അഡ്വ. ടി.എ. ഇബ്രാഹിം കുഞ്ഞ്, സംഗീത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കാപ്ഷൻ
പാറക്കടവ് ബ്ലോക്ക് കർഷക സഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.