കണ്ണൂർ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരികയാണെന്ന് വനിത കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തൊഴില്‍ സ്ഥാപനങ്ങളിലെ ഐ സി സി (ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി) ഫലപ്രദമല്ല. ഇത് ഫലപ്രദമായാല്‍ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടും.

ഒരു കമ്മിറ്റി രൂപീകരിച്ച് പരാതി ലഭിച്ചാല്‍ മാത്രം യോഗം ചേരുക എന്നതല്ല കൃത്യമായ ഇടവേളകളില്‍ തൊഴിലിടങ്ങളില്‍ യോഗങ്ങള്‍ ചേരണം. മട്ടന്നൂര്‍ എല്‍ ഐ സി ഡിവിഷണല്‍ ഓഫീസില്‍ 2008 മുതല്‍ 2017 വരെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് കമ്മീഷന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രവാസിയായിരുന്ന ഭര്‍ത്താവിന്റെയും അവരുടെ അമ്മയുടെയും മരണത്തിലെ ദുരൂഹത നീക്കണമെന്ന യുവതിയുടെ പരാതിയും അദാലത്തില്‍ പരിഗണിച്ചു. മുംബൈയില്‍ താമസമാക്കിയ മകന്‍ കൂട്ടികൊണ്ട് പോയ അമ്മ മരിച്ചെന്ന വാര്‍ത്തയാണ് ഇവര്‍ക്ക് ലഭിച്ചത്. സ്വത്ത് മുഴുവന്‍ മുംബൈയിലുള്ള മകന്‍ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കെത്താം എന്നറിയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവും ദുബായില്‍ മരണപ്പെടുകയായിരുന്നു.

ഭര്‍ത്താവിന് കമ്പനിയില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും മൂന്ന് ബാങ്കുകളിലായുണ്ടായിരുന്ന നിക്ഷേപത്തെക്കുറിച്ചും വിവരങ്ങളൊന്നും അറിയില്ലെന്നും പരാതിയില്‍ പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും കമ്മീഷന്‍ അറിയിച്ചു. നോര്‍ക്കയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ തീരുമാനം കൈകൊള്ളാനാണ് കമ്മീഷന്‍ തീരുമാനം.

65 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പായി. 10 പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും നാല് എണ്ണം ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. 45 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. വനിത കമ്മീഷന്‍ എസ്‌ഐ എല്‍ രമ, അഭിഭാഷകരായ വിമല കുമാരി, പത്മജ പത്മനാഭന്‍, ഷിമി എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.