പെരുമ്പാവൂർ: പ്രളയ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് അധിക സഹായവുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്. റീ ബിൽഡ് കേരള ഭവന നിർമാണ പദ്ധതിയിലൂടെ നാല് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ച് വീട് പണി പൂർത്തിയായവർക്ക് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആലുവ എം എൽ എ അൻവർ സാദത്ത് വിതരണോദ്ഘാടനം നടത്തി.

പോളികാബ് കമ്പനിയുടെ സഹകരണത്തോടെയാണ് സൗജന്യ ഇലട്രിക്കൽ കിറ്റ് വിതരണം നടത്തിയത്. വീട് പണി പൂർത്തിയായവർക്ക് ഉപകരിക്കുന്ന ഫാൻ, ട്യൂബ് ലൈറ്റ്, സ്വിച്ചുകൾ തുടങ്ങിയവ അടങ്ങിയ ഇലക്ട്രിക്കൽ കിറ്റ് ആണ് നൽകിയത്.

ചൂർണിക്കര, വാഴക്കുളം, കീഴ്മാട്, വെങ്ങോല, കിഴക്കമ്പലം, എടത്തല എന്നീ ആറ് പഞ്ചായത്ത് കളിൽ നിന്ന് 50 കുടുംബങ്ങൾക്കാണ് സൗജന്യ ഇലക്ട്രിക്കൽ കിറ്റ് വിതരണം ചെയ്തത്. പ്രളയ ദുരിതത്തിന് ഒരാണ്ട് തികയുന്ന വേളയിൽ ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അതിജീവിച്ച നിമിഷങ്ങളെ കുറിച്ച് അൻവർ സാദത്ത് എംഎൽഎ ഓർമിപ്പിച്ചു. സർക്കാരിന്റെ കൈത്താങ്ങി നോടൊപ്പം വിവിധ സ്ഥാപനങ്ങളും പൊതുജനങ്ങളും മുന്നിട്ടിറങ്ങുന്നത് അഭിനന്ദർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

വാടക വീട്ടിൽ താമസിച്ചവർക്ക് ആകെ സ്വന്തമായിട്ടുണ്ടായിരുന്നത് നിത്യോപയോഗ സാധനങ്ങളായിരുന്നെന്നും അതെല്ലാം നഷ്ടപ്പെട്ടത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അദ്ദേഹം പ്രശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. കെ.മുംതാസ് ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു പുത്തനങ്ങാടി, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ സ്വപ്ന ഉണ്ണി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോൺ, റെനീഷ ജാസ്
ജോയിന്റ് ബിഡിഒ ബാബു ടി.കെ തുടങ്ങിയവർ പങ്കെടുത്തു.