ശുചിത്വ പക്ഷാചരണത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചിത്വ ശില്‍പശാല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ ക്ലബ് അംഗങ്ങള്‍ക്ക് കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന സ്വഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവാര്‍ഡ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.
ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെയുള്ള 50 ദിവസ കാലത്തെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുക. അപേക്ഷിക്കുന്നവര്‍ ഈ കാലയളവില്‍  ചുരുങ്ങിയത് 50 മണികൂറെങ്കിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കണം.
സംഘങ്ങളായും വ്യക്തിഗതമായും നടത്തുന്ന  ശുചീകരണം ബോധവത്കരണ പ്രവര്‍ത്തങ്ങള്‍, ഖരമാലിന്യ നിര്‍മാര്‍ജ്ജനം, കമ്പോസ്റ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. 30000, 20000, 10000 രൂപ എന്നക്രമത്തിലാണ് അവാര്‍ഡ് തുക.
ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ.ഷെരീഫ് ക്ലാസെടുത്തു. എന്‍.കര്‍പ്പകം, കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.