സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കാന്‍ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ജില്ലാ ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗം കളക്ടറേറ്റില്‍ ചേര്‍ന്ന് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

മരച്ചില്ലകള്‍ മുറിച്ചു മാറ്റണം
കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞു വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ റോഡരികിലേക്ക് വളര്‍ന്നു നില്‍ക്കുന്ന മരക്കൊമ്പുകള്‍ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് കളക്ടര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ മരക്കൊമ്പുകള്‍ മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യ ഉടമസ്ഥതയിലുള്ള അപകടസാധ്യതയുള്ള മരച്ചില്ലകള്‍ വ്യക്തികള്‍ മുറിച്ചു മാറ്റണം. കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ വീണ് അപകടമുണ്ടാകുന്നത് ഒഴിവാക്കാനും നടപടി വേണം.

ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണാല്‍
ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതാഘാതമേല്‍ക്കുന്നത് തടയാന്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം. വൈദ്യുതകമ്പികള്‍ പൊട്ടിവീണത് കണ്ടാല്‍ 9496010101 എന്ന നമ്പറില്‍ വിവരമറിയിക്കണം. വൈദ്യുതി തടസം അറിയിക്കാന്‍ 1912,  0471 2555544 എന്നീ നമ്പറുകളില്‍ വിളിക്കാം.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം
മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പുകള്‍ കൃത്യമായും അനുസരിക്കണം. കടലില്‍ പോകുന്നവര്‍ തിരച്ചിലില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങള്‍ കൈവശം വയ്ക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കണ്‍ട്രോള്‍ റൂം
അപകട സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍- 1077, സംസ്ഥാന കണ്‍ട്രോള്‍ റൂം- 1070.

ജില്ലയില്‍ കനത്ത നാശങ്ങളില്ല
ജില്ലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണെങ്കിലും അപകടങ്ങളൊന്നും ഉണ്ടായില്ല. ചിലയിടങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് വൈദ്യുത തടസമുണ്ടായെങ്കിലും പിന്നീട് പരിഹരിച്ചു. വലിയതുറഭാഗത്ത് കടലില്‍ പോയി തിരികെയെത്താന്‍ ബുദ്ധിമുട്ടിയ രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് കരയിലെത്തിച്ചു.  അപകട സാധ്യത ഒഴിവാക്കാന്‍ പൊന്മുടി വിനോദസഞ്ചാരകേന്ദ്രം അടച്ചു.