കാക്കനാട്: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ എക്‌സ് സര്‍വ്വീസ് മെന്‍ സംഘടനകളുമായി സഹകരിച്ച് വിവിധ ജില്ലകളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ആലോചനായോഗം ചേര്‍ന്നു. യോഗം ഉദ്ഘാടനം ചെയ്ത എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഒരു കാലഘട്ടംമുഴുവന്‍ രാജ്യത്തിന് സമര്‍പ്പിച്ചവര്‍ നാട് നേരിടുന്ന വലിയ മാലിന്യ പ്രശ്‌നത്തെ പരിഹരിക്കാന്‍ തയ്യാറാകുന്നത് ഏറെ മാതൃകാപരമാണെന്ന് പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും മാലിന്യഭീഷണി വര്‍ദ്ധിക്കുന്നത് ഗൗരവമേറിയ പ്രശ്‌നമാണ്. മാലിന്യ പരിഹാരത്തിന് കര്‍ശ്ശന നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. എക്‌സ് സര്‍വ്വീസ് സംഘടനകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ വലിയ വിശ്വാസ്യതയാണ് അത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ഇടുക്കി എക്‌സ് സര്‍വ്വീസ് മെന്‍ ട്രെസ്റ്റിന് കീഴില്‍ ഇടുക്കിയില്‍ വിജയകരമായി നടപ്പിലാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തെ സംരംഭക സാധ്യതകളും തൊഴില്‍ സാധ്യകളും സാമൂഹ്യ പ്രാധാന്യവും യോഗം വിശകലനം ചെയ്തു. എറണാകുളം, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്നുള്ള സൈനിക ക്ഷേമ ഓഫീസര്‍മാര്‍, എക്്‌സ് സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കളക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍ ഫിലിപ്പ് പി.ഡി, ഇടുക്കി എക്‌സ് സര്‍വ്വീസ്‌മെന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗ്ഗീസ്, സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, പി.എ.യു ജില്ലാ പ്രോജക്ട് ഡയറക്ടര്‍ കെ.ജി തിലകന്‍, അസി. ഡെവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ എസ്. ശ്യാമ ലക്ഷ്മി, ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എച്ച് ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.