പൊതുജനങ്ങൾക്ക് ലൈഫ് മിഷനിൽ നൽകേണ്ട പരാതികൾ ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, www.edistrict.kerala.gov.in  പോർട്ടൽ സൗകര്യം ഉപയോഗിച്ചോ ഓൺലൈൻ വഴി സമർപ്പിക്കാം. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്.

ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലേക്കുമുളള പരാതികൾ ഇത് വഴി സമർപ്പിക്കാം. പരാതിക്ക് മറുപടി തയ്യാറാവുന്നതോടെ മൊബൈലിലേക്ക് മെസ്സേജ് ലഭിക്കും. അക്ഷയസെന്ററിൽ നിന്നോ വെബ് പോർട്ടൽ ഉപയോഗിച്ചോ ഇത് പരിശോധിക്കാൻ സൗകര്യവുമുണ്ട്.

കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. ജില്ലകളിൽ നിയമിച്ചിട്ടുളള ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനിയർ മുഖേന ബന്ധപ്പെട്ട പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുളള പരിശീലനം പുരോഗമിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു.

കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ ഡോ.ചിത്ര, ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിന് ലോഗിൻ ക്രെഡൻഷ്യൽ കൈമാറി. ചടങ്ങിൽ എൻ.ഐ.സി സീനിയർ ടെക്‌നിക്കൽ ഡയറക്ടർ ജയകുമാർ, ടെക്‌നിക്കൽ ഡയറക്ടർ മനോജ്, ഐ.ടി.മിഷൻ കോഓർഡിനേറ്റർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

നിലവിൽ നിരവധി സേവനങ്ങൾ ഈ പോർട്ടലിൽ ലഭ്യമാണ്. റവന്യൂ വകുപ്പിൽ നിന്നും ലഭിക്കുന്ന 25 തരം സർട്ടിഫിക്കറ്റുകൾ, റവന്യു കോടതി കേസുകൾ, പൊതു പരാതി പരിഹാര അദാലത്തുകൾ, വനം വകുപ്പിൽ നിന്നും ലഭിക്കുന്ന വന്യ ജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുളള നഷ്ട പരിഹാരം, വിവിധ വകുപ്പുകളുടെ യൂട്ടിലിറ്റി പണമിടപാടുകൾ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫീസുകൾ, വിവിധ ക്ഷേമനിധി പണമിടപാടുകൾ, പോലീസ് വകുപ്പിന്റെ ഇ-ചലാൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.