*സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള നിയമസഭയുടെ 2019-ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമസൃഷ്ടികള്‍ക്കുള്ള ആര്‍.ശങ്കരനാരായണന്‍തമ്പി മാധ്യമപുരസ്‌കാരം, അന്വേഷണാത്മക മാധ്യമസൃഷ്ടികള്‍ക്കുള്ള ഇ.കെ.നായനാര്‍ നിയമസഭ മാധ്യമ പുരസ്‌കാരം, നിയമസഭ നടപടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിന് ജി.കാര്‍ത്തികേയന്‍ നിയമസഭ മാധ്യമപുരസ്‌കാരം എന്നിവയാണ് വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചത്.  അച്ചടി. ദൃശ്യമാധ്യമവിഭാഗങ്ങളിലായി ആറ്  അവാര്‍ഡുകളാണ് ഉള്ളത്.

ആര്‍.ശങ്കരനാരായണന്‍ തമ്പി നിയമസഭ മാധ്യമപുരസ്‌കാരത്തിന് അച്ചടിമാധ്യമവിഭാഗത്തില്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ചില മലയാളം കഥകള്‍ എന്ന സൃഷ്ടിക്ക് ജോണി ലൂക്കോസ് അര്‍ഹനായി. ഈ വിഭാഗത്തിലെ ദൃശ്യമാധ്യമപുരസ്‌കാരം മനോരമ ന്യൂസിലെ വിനു മോഹന്‍ നേടി. പടയണിക്കാലം എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ്. സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച മാന്തോപ്പുകളിലെ
വിഷമരണങ്ങള്‍ എന്ന സൃഷ്ടിക്ക് രേഖാചന്ദ്രയും പീപ്പിള്‍ ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത ബുള്ളറ്റ്,പെല്ലറ്റ്, ടെര്‍മൈറ്റ്..സംഘര്‍ഷമേഖലയിലെ കുട്ടികളിലൂടെ എന്ന പരിപാടിക്ക് കെ.രാജേന്ദ്രനും ഇ.കെ.നായനാര്‍ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.  മികച്ച നിയമസഭാറിപ്പോര്‍ട്ടിംഗിനുള്ള ജി.കാര്‍ത്തികേയന്‍ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് മാതൃഭൂമി ദിനപ്പത്രത്തിലെ എസ്.എന്‍.ജയപ്രകാശും മാതൃഭൂമി ന്യൂസിലെ സീജി. ജി.എസും അര്‍ഹരായി. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും.


ഡോ.ജെ.പ്രഭാഷ് ചെയര്‍മാനും ആര്‍.എസ്.ബാബു, ഡോ. സെബാസ്റ്റിയന്‍ പോള്‍, ജേക്കബ് ജോര്‍ജ്, ഡോ.ഖദീജ മുംതാസ്, സി.ജോസ് (മെമ്പര്‍ സെക്രട്ടറി) എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.
നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ അഞ്ചാം ബാച്ചിന്റെ പരീക്ഷാഫലവും സ്പീക്കര്‍ പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് അനില.ആര്‍, രണ്ടാം റാങ്ക് അഹിജിത്ത് ബി.ലാല്‍ എന്നിവര്‍ നേടി. മൂന്നാം റാങ്ക് ദേവിപ്രിയ ആര്‍.ജി, ഗീതു പ്രകാശ് എന്നിവര്‍ പങ്കിട്ടു.
നിയമസഭ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണന്‍ നായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.