* ഊര്‍ജ്ജിതമാക്കണമെന്ന് നിര്‍ദ്ദേശം

പാലക്കാട്: ജലശക്തി അഭിയാന്‍ പദ്ധതിയിലുള്‍പ്പെട്ട മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു.  സെപ്റ്റംബര്‍ 15നകം കിണര്‍ റീചാര്‍ജ്ജിംഗ്, വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരമാവധി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുന്നതിനായുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസംരക്ഷണം, മഴവെള്ള സംരക്ഷണം, പരമ്പരാഗത ജലസ്രോതസുകളുടേയും കുളങ്ങളുടേയും നവീകരണവും സംരക്ഷണവും, കുഴല്‍കിണറുകളുടെ റീചാര്‍ജ്ജിംഗും പുനരുപയോഗവും, നീര്‍ത്തടസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീവ്രവനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 301 പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതില്‍ 141 പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവ പുരോഗമിക്കുന്നതായി തൊഴിലുറപ്പ് പദ്ധതി  അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വനവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരു ബ്ലോക്കുകളിലും തൈകള്‍ നടാന്‍ തുടങ്ങി. ഗ്രാമപഞ്ചായത്തുകള്‍ സാധ്യമെങ്കില്‍ തൈകള്‍ നടുന്നതിനുള്ള സ്ഥലം അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ മണ്ണ് പരിശോധിച്ച് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.