നമുക്ക് ശേഷം പ്രളയമല്ല , ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് റവന്യു -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവും ശതാബ്ദി സ്മാരകമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങളും പാലങ്ങളും നിര്‍മ്മിക്കുന്നതും സാങ്കേതികരംഗത്തെ പുത്തന്‍ കണ്ടുപിടുത്തങ്ങളും വികസന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം വിദ്യാഭ്യാസമാണ്. അതിനാല്‍ വിദ്യാഭ്യാസ രംഗത്തുള്ള വികസനത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം കൊടുക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നിരവധി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് നമ്മുടെ വലിയ നേട്ടമാണ്.ചരിത്രം മനുഷ്യ പുരോഗതിയുടെ എല്ലാ കാലഘട്ടങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മനുഷ്യ കുലവുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ ഓരോ പ്രദേശത്തിനും അതിന്റേതായ സ്ഥാനമുണ്ട്. ജന്മിത്വം നിലനിന്നിരുന്ന കാലത്ത് സാധാരണക്കാരന് വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കാന്‍ കൂടി അവകാശമില്ലായിരുന്നു.
1920ല്‍ ആലത്തടി തറവാടിന്റെ പത്തായപുരയില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറാം വാര്‍ഷികത്തിലെത്തി നില്‍ക്കുന്നു. ഇതിനിടക്ക് സ്‌കൂള്‍ വികസനത്തിന്റെ ധാരാളം പടവുകള്‍ കയറി. അടിമത്തത്തില്‍ നിന്ന് മോചനം ആഗ്രഹിച്ചിരുന്ന അന്നത്തെ കാലത്ത് വിദ്യാഭ്യാസത്തിന്റെ പൊന്‍ തിരി തെളിയിച്ച മഹാന്മാരെ നമ്മള്‍ തൊഴണമെന്നും മന്ത്രി പറഞ്ഞു. അവരാണ് നമ്മുടെ വഴികാട്ടികള്‍.
ഇന്ന് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ വികസനത്തിനായി സര്‍ക്കാര്‍ മൂന്ന് കോടിയോളം രൂപ കൊടുക്കുന്നുണ്ട്. വിദ്യഭ്യാസ രംഗത്ത് ഇനിയും വലിയ പുരോഗതി കൈവരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നല്‍കിയ കുടുംബങ്ങളുടെ പ്രതിനിധികളെയും സ്‌കൂള്‍ ആരംഭിച്ച ആലത്തടി തറവാടിന്റെയും മുളങ്ങാട്ടില്‍ തറവാടിന്റെയും കടുകുത്തി തറവാടിന്റെയും പ്രതിനിധികളെയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
സ്‌കൂളിന്റെ വളര്‍ച്ചയില്‍ പ്രമുഖ പങ്ക് വഹിച്ച കീപ്പേരി തറവാടിന്റെ പ്രതിനിധികളെയും മന്ത്രി ആദരിച്ചു.. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആനന്ദവല്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ യശസ്സുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉപഹാരം നല്‍കി.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ യശസ്സുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉപഹാരം നല്‍കി.
സംഘാടക സമിതി ചെയര്‍മാന്‍ സി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്തംഗം പി പത്മാവതി, ബ്ലോക്ക് പഞ്ചായത്തംഗം പി ദാമോദരന്‍, കോടം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഭൂപേഷ്, പഞ്ചായത്തംഗങ്ങളായ സജിത ശ്രീകുമാര്‍, ലത ഗംഗാധരന്‍, എന്‍ വി ബിന്ദുലേഖ, മുസ്തഫ തായന്നൂര്‍, ഹയര്‍ സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ ശിവന്‍, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സരസ്വതി, ഹെഡ് മാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാത്യു,പി ടിഎ പ്രസിഡന്റ് എ സുരേഷ്, എസ് എം സി ചെയര്‍മാന്‍ പി ജെ വര്‍ഗ്ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.