കാസര്‍കോട് കളക്ടറേറ്റില്‍ നിന്നും മലയോര മേഖലയിലേക്ക് ബസ് സര്‍വീസുമായി കെ എസ് ആര്‍ ടി സി. കളക്ടറേറ്റിലെയും മറ്റു സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വൈകിട്ട് അഞ്ചിന് പുറപ്പെട്ട് ചെര്‍ക്കള, ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോല്‍,  കൊട്ടോടി, ചുള്ളിക്കര, ഒടയംചാല്‍, പരപ്പ, വെള്ളരിക്കുണ്ട്, ഭീമനടി വഴി ചിറ്റാരിക്കാലിലേക്കാണ്  പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. കാസര്‍കോട് ഡിപ്പോയില്‍ നിന്നും വൈകുന്നേരം 4.50നാണ് ബസ് പുറപ്പെടുക. കളക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എഡിഎം എന്‍ ദേവീദാസ് ബാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളലെ ജനങ്ങള്‍ക്ക് ട്രെയിന്‍ യാത്രയ്ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ രാവിലെ 6.10ന് ചിറ്റാരിക്കാലില്‍ നിന്ന് പുറപ്പെട്ട് കടുമേനി, മൗക്കോട്, പെരുമ്പട്ട, കാക്കടവ്, ചീമേനി, കയ്യൂര്‍, ചായ്യോം വഴി നീലേശ്വരത്ത് 7.50നു എത്തിച്ചേരുന്ന വിധത്തിലാണ് ഇതിന്റെ സമയക്രമം.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നാണ് ബസ് അനുവദിച്ചത്. മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷന്‍, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ തുടങ്ങിയവരാണ് ബസ് സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കെഎസ്ആര്‍ടിസി ജനറല്‍ കണ്‍ട്രോളര്‍ എം വി കുഞ്ഞിരാമന്‍, സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് കെ ഗണേഷന്‍, മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ എം വി രാജു, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.