*പദ്ധതികളും ഭാവി സംരംഭങ്ങളും ചർച്ച ചെയ്തു
ജന്റർ പാർക്കിന്റെ കോഴിക്കോട്ടെ പ്രധാന കേന്ദ്രത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇവിടെ നടപ്പിലാക്കുന്ന പദ്ധതികളേയും ഭാവി സംരംഭങ്ങളേയും കുറിച്ച് മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. ജന്റർ പാർക്ക് ഉപദേഷ്ടാവ് ഡോ. മല്ലികാ സാരാഭായിയും ചർച്ചയിൽ പങ്കെടുത്തു.
ലിംഗഭേദം ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ വിഭാവനം ചെയ്യാനും ജന്റർ പാർക്കിന്റെ പദ്ധതികളെ മികച്ച രീതിയിൽ ആവിഷ്‌കരിക്കാനും മല്ലികാ സാരാഭായിയുടെ ഊർജ്ജസ്വലമായ പ്രവർത്തനം പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും ആശ്രയിക്കാൻ കഴിയുന്ന ഒന്നായി ജന്റർ പാർക്കിനെ മാറ്റും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ജന്റർ ലൈബ്രറി, ജന്റർ മ്യൂസിയം, ദി വൈസ് ഫെലോഷിപ്പ്, സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം, അന്താരാഷ്ട്ര ലിംഗ സമത്വ സമ്മേളനം 2020 എന്നിവ ഇതിന്റ പ്രത്യേകതയാണ്. ഷീ ടാക്സി സംവിധാനം കൂടുതൽ വിപുലപ്പെടുത്തും. ജന്റർ പാർക്കിന്റെ നേതൃത്വത്തിൽ ഭാവിയിൽ ഒരു ഇന്റർനാഷണൽ വിമൺ ട്രേഡ് സെന്റർ സജ്ജമാക്കും. ജന്റർ പാർക്കിനെ സ്ത്രീകൾക്ക് വേണ്ടിയുള്ള മികച്ച സ്ഥാപനമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജന്റർ പാർക്ക് സി.ഇ.ഒ. ഡോ. പി.ടി.എം. സുനീഷ് എന്നിവർ പങ്കെടുത്തു.