മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നാല് ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം പത്തനംതിട്ട ഓമല്ലൂര്‍ അമ്പലം ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനികവും ദീര്‍ഘായുസ് ഉള്ളതുമായ റോഡുകളും പാലങ്ങളും നിര്‍മിക്കുകയാണ്  പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. കേരളത്തിലെ നിര്‍മാണ മേഖലയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. റോഡ് പുനര്‍നിര്‍മിക്കുമ്പോള്‍  റബര്‍, പ്ലാസ്റ്റിക് എന്നിവയ്‌ക്കൊപ്പം കയര്‍ ഭൂവസ്ത്രം കൂടി ഉള്‍പെടുത്തണം. ഇതിലൂടെ കയര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. ഇത് റോഡിന്റെ ഉറപ്പ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മേഖലയുടെയും ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  നല്ല റോഡുകള്‍, വീടുകള്‍, പാലങ്ങള്‍ എന്നിവ ആവശ്യമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനായി പ്രവര്‍ത്തന സജ്ജമാണ്. ഏതു പാര്‍ട്ടിയുമാവട്ടെ നമ്മുടെ ജന പ്രതിനിധികളില്‍ നിന്ന് നമുക്ക് നല്ലത് ലഭിക്കണമെന്നും നാടിനു പുരോഗതിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ആറന്മുള നിയോജകമണ്ഡലത്തിലെ ഓമല്ലൂര്‍ – പരിയാരം റോഡ്, പുത്തന്‍പീടിക – വാര്യാപുരം റോഡ്, വെട്ടിപ്പുറം – മഹാണിമല – നെല്ലിക്കാല – നാരങ്ങാനം റോഡ്, കുലശേഖരപതി – മൈലപ്ര റോഡ്  എന്നിവയുടെ നിര്‍മാണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,
റോഡ്സ് ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ സി ഡിക്രൂസ്,  ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍, ജില്ലാ പഞ്ചായത്തംഗം ലീല മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവരാമന്‍, ഗ്രാമപഞ്ചായത്ത് അംഗം ശാരദകുമാരി, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്,  എന്‍ സി പി ജില്ലാ സെക്രട്ടറി രാജു ഉളനാട്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍  ബി. ബിനു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ ടി കെ ജി നായര്‍  ജനപ്രതിനിധികള്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.
ഓമല്ലൂര്‍ – പരിയാരം റോഡ് 6.850 കിലോമീറ്ററും, പുത്തന്‍പീടിക – വാര്യാപുരം റോഡ് 5.200 കിലോമീറ്ററും, വെട്ടിപ്പുറം – മഹാണിമല – നെല്ലിക്കാല – നാരങ്ങാനം റോഡ് 10.730 കിലോമീറ്ററും, കുലശേഖരപതി – മൈലപ്ര റോഡ് 1.150 കിലോമീറ്ററുമാണ് നവീകരിക്കുന്നത്. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായാണ് റോഡ് നവീകരണ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കുലശേഖരപതി – മൈലപ്ര റോഡ് പ്ലക്കാട്ട് ഗ്രാനൈറ്റ്സ് എന്ന കമ്പനിയാണ് 1.038 കോടി രൂപയ്ക്ക് നിര്‍മാണം നടത്തുന്നത്. ടി. കെ. റോഡില്‍ കുലശേഖരപതി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പി. എം. റോഡില്‍ മൈലപ്ര ജംഗ്ഷന് സമീപം അവസാനിക്കുന്ന റോഡിന് 1.15 കി.മീ. ദൈര്‍ഘ്യവും 3.8 മീറ്റര്‍ കാര്യേജ് വേയുമുണ്ട്. റോഡ് 3.8 മീറ്ററില്‍ നിന്നും 5.5 മീറ്ററായി ആയി വീതികൂട്ടി  ബിഎം ആന്‍ഡ് ബിസി ടാറിംഗും കലുങ്കിന്റെ പുനരുദ്ധാരണം, കോണ്‍ക്രീറ്റ് ഓടകള്‍, സംരക്ഷണഭിത്തി, ഗതാഗത സുരക്ഷാ ഉപാധികള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് പൂര്‍ത്തീകരിക്കുന്നതോടെ കിഴക്കന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരാതെ മൈലപ്ര ഭാഗത്തേക്ക് പോകുന്നതിന് കഴിയും. റോഡിന്റെ നിര്‍മാണം ഒരു വര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കും.
ഓമല്ലൂര്‍ –  പരിയാരം റോഡിന്റെ ഓമല്ലൂര്‍ അമ്പലം ജംഗ്ഷന്‍ മുതല്‍ ഇലന്തൂര്‍ കുളം ജംഗ്ഷന്‍ വരെയുള്ള 6.850 കി.മീ. ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണം കാവുങ്കല്‍ റോഡ് ബില്‍ഡേഴ്സ് എന്ന കമ്പനി 7.6 കോടി രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.   ഈ റോഡിന്റെ ബാക്കി ഭാഗത്തിന്റെ നവീകരണം 1.5 കോടി രൂപ വിനിയോഗിച്ച് നടന്നുവരികയാണ്. കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡില്‍ ഓമല്ലൂര്‍ അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഇലന്തൂര്‍ കുളം ജംഗ്ഷനില്‍ അവസാനിക്കുന്ന റോഡ് ഏഴ് മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി ആയാണ്  നിര്‍മിക്കുന്നത്.  വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഓട, പൂട്ടുകട്ടകള്‍, കലുങ്കിന്റെ പുനരുദ്ധാരണം, ഐറിഷ് ഡ്രെയിന്‍, ഗതാഗത സുരക്ഷാ ഉപാധികള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടുകൂടി അടൂര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് പത്തനംതിട്ട ടൗണിലെ തിരക്കില്‍പ്പെടാതെ കോഴഞ്ചേരി, ആറന്മുള ക്ഷേത്രം, തിരുവല്ല എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് കഴിയും. മഞ്ഞനിക്കര പെരുന്നാള്‍, ഓമല്ലൂര്‍ വയല്‍വാണിഭം എന്നീ ചരിത്രപ്രസിദ്ധമായ ആഘോഷങ്ങള്‍ക്ക് തീര്‍ത്ഥാടകര്‍ക്കും കച്ചവടക്കാര്‍ക്കും മറ്റും സുഗമമായി എത്തുന്നതിനും ഈ റോഡ് സഹായകമാകും.
5.2 കി.മീ. ദൈര്‍ഘ്യമുള്ള പുത്തന്‍പീടിക – വാര്യാപുരം റോഡ് നിര്‍മാണം കാവുങ്കല്‍ റോഡ് ബില്‍ഡേഴ്സ് എന്ന  കമ്പനി  5.73 കോടി രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡില്‍ സന്തോഷ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ടി. കെ. റോഡില്‍ ചിറക്കാല ജംഗ്ഷനില്‍ അവസാനിക്കുന്ന റോഡിന് 5.2 കി.മീ. ദൈര്‍ഘ്യവും 3.8 മീറ്റര്‍ കാര്യേജ് വേയുമുണ്ട്. റോഡ് 3.8 മീറ്ററില്‍ നിന്നും 5.5 മീ. ആയി വീതികൂട്ടി ബിഎം ആന്‍ഡ് ബിസി  ടാറിംഗ്, കലുങ്കുകളുടെ പുനരുദ്ധാരണം, കോണ്‍ക്രീറ്റ് ഓടകള്‍, സംരക്ഷണഭിത്തി, ഗതാഗത സുരക്ഷാ ഉപാധികള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടുകൂടി തെക്കന്‍മേഖലയിലെ യാത്രക്കാര്‍ക്ക് ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരാതെ കോഴഞ്ചേരി പാലത്തിലേക്ക് പോകുന്നതിന് സാധിക്കും. പുരാതനവും ചരിത്രപ്രസിദ്ധവുമായ നിരവധി ആരാധാനാലയങ്ങള്‍ ഈ റോഡിന്റെ വശങ്ങളില്‍ സ്ഥിതിചെയ്യുന്നുണ്ട്. റോഡിന്റെ നിര്‍മാണം ഒരു വര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കും.
10.730 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെട്ടിപ്പുറം – മഹാണിമല – നെല്ലിക്കാല – നാരങ്ങാനം റോഡ് 10.40 കോടി രൂപയ്ക്ക് കരിങ്കുറ്റിയില്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ എടുത്തിട്ടുള്ളത്. റിംഗ് റോഡില്‍ മേലെവെട്ടിപ്പുറം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മഹാണിമല ജംഗ്ഷന് സമീപം അവസാനിക്കുന്ന 6.71 കി.മീ. ദൈര്‍ഘ്യമുള്ള ടി റോഡിന് 5.5 മീറ്റര്‍ കാര്യേജ് വേയും, 4.02 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നെല്ലിക്കാല – നാരങ്ങാനം റോഡിന് 3.8 മീറ്റര്‍ കാരേജ് വേയുമാണുള്ളത്. വെട്ടിപ്പുറം – തോന്ന്യാമല റോഡ് 5.5 മീറ്റര്‍ ക്യാരേജ് വേയിലും നെല്ലിക്കാല – നാരങ്ങാനം റോഡ്  3.8 മീറ്ററില്‍ നിന്നും 5.5 മീറ്റര്‍ ആയി വീതികൂട്ടിയും ബിഎം ആന്‍ഡ് ബിസി  ടാറിംഗ്, കലുങ്കിന്റെ പുനരുദ്ധാരണം, കോണ്‍ക്രീറ്റ് ഓടകള്‍, സംരക്ഷണഭിത്തി, ഇന്റര്‍ലോക്ക് ടൈല്‍, ഗതാഗത സുരക്ഷാ ഉപാധികള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്ന റോഡാണിത്. റോഡിന്റെ നിര്‍മ്മാണം ഒരു വര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കും.