പ്രഥമ ശ്രീനാരായണ അന്തർദേശീയ പുരസ്‌കാരം പ്രസ് ക്‌ളബ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. കെ. പ്രശോഭന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ശ്രീനാരായണ സാഹിത്യത്തെ പ്രോത്‌സാഹിപ്പിക്കുന്നതിന് ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും ഗുരുവിനെക്കുറിച്ചുള്ള പുസ്തകങ്ങളും ചിത്രങ്ങളുമെല്ലാം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. യു ട്യൂബ് ചാനലും ഇതിനായി ഉപയോഗിക്കുന്നു.

ഗുരുവിന്റെ സന്ദേശങ്ങളിൽ മലയാളത്തിനു പുറമെ ഇംഗ്‌ളീഷിലും ഹിന്ദിയിലും തർജമചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഗുരുവിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ആവശ്യമായതെല്ലാം സാംസ്‌കാരിക വകുപ്പ് ചെയ്യുന്നു. കേരളത്തെ ഇന്നത്തെ രൂപത്തിൽ മാറ്റിയെടുത്ത പലരുടെയും പേര് എവിടേയുമില്ലെന്ന തിരിച്ചറിവിൽ നിന്നാണ് അവരുടെ പേരിൽ സ്ഥാപനങ്ങൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗുരുവിനെ കൂടുതൽ പഠിക്കാനും സംവദിക്കാനും ആധുനികകാലത്ത് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, പഠനകേന്ദ്രം ഡയറക്ടർ ഡോ. എം. ആർ. യശോധരൻ, പുരസ്‌കാര ജേതാവ്, ഡോ. കെ. പ്രശോഭൻ എന്നിവർ സംസാരിച്ചു.