പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് 12, 13 തിയതികളില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ ഭാഗമായി വി.ജെ.ടി ഹാളില്‍ സാംസ്‌കാരിക സെമിനാര്‍ നടക്കും. നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതിസംസ്‌കാര ധാരകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മലയാളം മിഷന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  സഹകരണത്തോടെ 10ന് രണ്ട് മണിക്ക്  സംഘടിപ്പിക്കുന്ന സെമിനാറില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ ബേബി ജോണ്‍ മോഡറേറ്ററായിരിക്കും.
കേരളത്തിന്റെ ഭക്തി പ്രസ്ഥാന പാരമ്പര്യം എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. കെ സച്ചിദാനന്ദനും മലബാറിലെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് പ്രൊഫ. എം.എന്‍ കാരശ്ശേരിയും സംസാരിക്കും. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന ധാരകളെക്കുറിച്ച് ഡോ.സുനില്‍ പി.ഇളയിടവും ചരിത്രത്തിലിടം കിട്ടാത്ത നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് ഡോ.മീര വേലായുധനും ഭക്തിപ്രസ്ഥാന ചരിത്രത്തിലെ അറിയാത്ത ഇടങ്ങളെക്കുറിച്ച് ബി.അരുന്ധതിയും നവോത്ഥാനാനന്തര സൗന്ദര്യശാസ്ത്രത്തിന്റെ ഘടനയെയും വൈരുദ്ധ്യങ്ങളെയും പറ്റി റഫീക് ഇബ്രാഹിമും സംസാരിക്കും. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ നന്ദിയും പറയും.