കൊല്ലം: അര്‍ബന്‍ ഡിസൈന്‍ മാസ്‌റ്റേഴ്സ് ത്രിദിന ദേശീയ സമ്മേളനം തുടങ്ങി. ഹോട്ടല്‍ റാവിസില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരാസൂത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിച്ച് ആധുനിക സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കിടയിലെ സഹകരണം വര്‍ധിപ്പിക്കുക വഴി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാനാകുമെന്നും പറഞ്ഞു.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. വരും കാലത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള വികസനമാകും ഇനിയങ്ങോട്ട് നടപ്പിലാക്കുക. നഗരാസൂത്രണത്തിന്റെ മികവിലൂടെ അത് സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മേയര്‍ വ്യക്തമാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്സ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കൊല്ലം കോര്‍പ്പറേഷനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നഗരാസൂത്രണത്തിലെ പുത്തന്‍ പ്രവണതകള്‍, വിജയമാതൃകകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ആസൂത്രണ പദ്ധതി ചര്‍ച്ചയാണ് പ്രധാനമായും നടത്തുന്നത്.
പുരാതന കെട്ടിടങ്ങള്‍, നിര്‍മിതികള്‍, കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഒഴിഞ്ഞ പ്രദേശങ്ങള്‍ എന്നിവ നിലനിര്‍ത്തിയുള്ള സൗന്ദര്യവല്‍ക്കരണം ലക്ഷ്യമാക്കുന്ന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനുള്ള വഴികള്‍ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു.

പശ്ചാത്തല സൗകര്യ വികസനം, നഗര സേവനങ്ങളും അവയുടെ കൈകാര്യം ചെയ്യലും, വിനോദസഞ്ചാരവും പശ്ചാത്തല സൗകര്യവും, നഗരങ്ങളുടെ പൂര്‍വ്വസ്ഥിതി വീണ്ടെടുക്കലും ദുരന്തനിവാരണവും, നഗരഭരണം, നഗരാസൂത്രണം എന്നിവ വിവിധ സെഷനുകളില്‍ അവതരിപ്പിക്കും.

ഐ യു ഡി ഐ പ്രസിഡന്റ് പ്രൊഫ. അനുരാഗ് ചൗഫ്‌ലാ, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എ കെ ഹഫീസ്, ഐ യു ഡി ഐ ദേശീയ സെക്രട്ടറി മനോജ് കുമാര്‍ കിനി,  തദ്ദേശസ്വയംഭരണ വകുപ്പ്  ഉദ്യോഗസ്ഥര്‍, സംസ്ഥാന-ജില്ലാ ടൗണ്‍ പ്ലാനര്‍മാര്‍, നഗരാസൂത്രണ രംഗത്തെ വിദഗ്ദ്ധര്‍, അര്‍ബന്‍ ഡിസൈനര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്സ് ഇന്ത്യ അംഗങ്ങള്‍, കേരളത്തിന് പുറമെ മംഗലാപുരം, ഹൈദ്രബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള നഗര രൂപകല്പനാ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.  കോണ്‍ക്ലേവ് 23ന് സമാപിക്കും.