കൊല്ലം: ജമ്മു കശ്മീരില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ ആയൂര്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ പ്രഹ്‌ളാദന്റെയും ശ്രീകലയുടെയും മകന്‍ പി. എസ് അഭിജിത്തിന്റെ സംസ്‌കാരം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടത്തി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനം – വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍, കാഷ്യു ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. വിലാപ യാത്രയായി എത്തിച്ച മൃതദേഹം അഭിജിത്ത് പഠിച്ച ഇടയം എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു.
സഹപാഠികളും സുഹൃത്തുക്കളും, അധ്യാപകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ജവാന് അന്തിമോപചാരം അര്‍പ്പിച്ചു.