കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോവുന്നതിനായി നിര്‍മിക്കുന്ന തോടുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നേരത്തേ രണ്ട് വലിയ തോടുകളും 16 ചെറിയ തോടുകളുമാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതില്‍ 15 ചെറു തോടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

ബാക്കിയുള്ള തോടുകളുടെ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനു പുറമെ അധികമായി നിര്‍ദ്ദേശിക്കപ്പെട്ട നാല് ചെറിയ തോടുകളില്‍ രണ്ടെണ്ണത്തിനുള്ള ഭരണാനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. നിലവില്‍ തോടുകള്‍ക്ക് സ്ലാബ് ആവശ്യമായ സ്ഥലങ്ങളില്‍ അവ സ്ഥാപിക്കുന്നതിനുള്‍പ്പെടെ അധികമായി വരുന്ന പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

തോട് നിര്‍മാണ വേളയില്‍ എടുത്ത മണ്ണ് കൃഷി ഭൂമിയില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ചെറിയ തോടുകളില്‍ നിന്നുള്ള വെള്ളം പുഴയിലേക്ക് ഒഴുകിപ്പോവേണ്ട രണ്ട് വലിയ തോടുകളുടെ നിര്‍മാണം നടക്കാത്തത് പരിസരങ്ങളിലെ വീടുകളിലും കൃഷി ഭൂമിയിലും വെള്ളം കയറാന്‍ കാരണമാകുന്നതായി മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ ഉടന്‍ നീക്കി കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള വഴിയൊരുക്കാനും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ ചേര്‍ന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തോടുകളുടെ നിര്‍മാണത്തിനാവശ്യമായ 49 കോടി രൂപ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നേരത്തേ തന്നെ കൈമാറിയതാണെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു. അധികമായി വന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് 4.5 കോടി രൂപ കൂടി ആവശ്യമായി വരുമെന്ന് ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വിമാനത്താവള റണ്‍വേ വികസനത്തിനാവശ്യമായ അധിക ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ എച്ച് ശംസുദ്ദീന്‍, കിയാല്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ പി ജോസ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) അനില്‍കുമാര്‍, കിയാല്‍ മാനേജര്‍ ടി അജയകുമാര്‍, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി സുരേഷ് ബാബു, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്തുടങ്ങിയവര്‍ പങ്കെടുത്തു