കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രമുഖ സാഹിത്യകാരൻ ആനന്ദിന് നൽകുന്നമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മാലയാള ഭാവുകത്വത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകളെ അനന്യമായ ശിൽപഭദ്രതയോടെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിലെ ആദ്യ ഇന്ത്യൻ നോവലായ ആൾക്കൂട്ടമെന്ന ആദ്യകൃതി മുതൽ ഇന്ത്യ അഭിമുഖീകരിക്കുന്ന സവിശേഷ പ്രതിസന്ധികളെ ക്രാന്തദർശിത്വത്തോടെ അവതിരപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം.
എല്ലാക്കാലത്തും സൗവർണപ്രതിപക്ഷത്തു നിലകൊണ്ട ആനന്ദ് മൗലികമായ ചിന്തകളെ കാലത്തിനൊപ്പം ജ്വലിപ്പിച്ചു നിർത്തുകയും ഭയലേശമില്ലാതെ ആവിഷ്‌കരിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.1936 ൽ ഇരിങ്ങാലക്കുടയിൽ ഒരു പ്രൈമിറസ്‌കൂൾ അധ്യാപകന്റെ മകനായി ജനിച്ചു. യഥാർത്ഥ പേര് പി.സച്ചിദാനന്ദൻ. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എൻജിനിയറിങ് ബിരുദം നേടി. നാലുകൊല്ലത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. ന്യൂ ദൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്ന് പ്ലാനിംഗ് ഡയറക്ടറായി വിരമിച്ചു. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുളള അദ്ദേഹം മികച്ചൊരു ശിൽപി കൂടിയാണ്.
ഗോവർദ്ധനന്റെ യാത്രകൾ എന്ന കൃതി കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും വീടും തടവും, ജൈനമനുഷ്യൻ എന്നീ കൃതികൾ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും നേടി. കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ മലയാളവിവർത്തനം 2012 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിനർഹമായി 2012 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് എഴുത്തച്ഛൻ പുരസ്‌കാരമായി നൽകുന്നത്. ഒന്നര ലക്ഷം രൂപയായിരുന്ന എഴുത്തച്ഛൻ പുരസ്‌കാരം ഈ സർക്കാർ വന്ന ശേഷമാണ് അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തിയതെന്ന് മന്ത്രി പറഞ്ഞു. 27-ാമത്തെ പുരസ്‌കാരമാണ് ആനന്ദിന് ലഭിക്കുന്നത്. സി രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, എം.മുകുന്ദൻ എന്നിവർക്കാണ് ഈ സർക്കാർ വന്നതിന് ശേഷം എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്.
2019 ലെ എഴുത്തച്ഛൻ പുരസ്‌കാരം നിർണയിച്ചത് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായ സമിതിയാണ്. എം.കെ.സാനു, എം.മുകുന്ദൻ, കെ.ജയകുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ.കെ.പി.മോഹനനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.