മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ പുളിന്താനം -വെട്ടിത്തറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പോത്താനിക്കാട് പുളിന്താനം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോതമംഗലം-പോത്താനിക്കാട് റോഡിലെ മാവുടിവരെ വരുന്ന 2.3-കിലോമീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ബിഎം ബിസി നിലവാരത്തിലുള്ള ടാറിംഗിനോടൊപ്പം സംരക്ഷണ ഭിത്തി നിര്‍മ്മാണം, വെള്ളകെട്ടുള്ള സ്ഥലങ്ങളില്‍ ഓട നിര്‍മ്മാണം, ദിശാ ബോര്‍ഡുകള്‍, റിഫ്‌ളക്ട് ലൈറ്റുകള്‍ സ്ഥാപിച്ച് മനോഹരമാക്കുന്നതിനു മാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് കാല്‍നടയാത്രപോലും ദുസ്സഹമായ അവസ്ഥയിലായിരുന്നു.

എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും റോഡ് നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചിരിക്കുന്നത്. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വാഴക്കുളത്ത് നിന്നും ആയവന പഞ്ചായത്തിലെ മാറാഞ്ചേരി പാലം കടന്ന് പോത്താനിക്കാട് പുളിന്താനം വഴി കോതമംഗലത്തേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന റോഡുകളിലൊന്നാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ മഞ്ഞള്ളൂര്‍, ആയവന, പോത്താനിക്കാട് പഞ്ചായത്തുകളിലെ നിരവധിയാളുകള്‍ക്ക്് ഏറെ ഗുണകരമാകും.