2020 ഓടെ ക്ഷയരോഗം ഉന്‍മൂലനം ചെയ്യുന്നതിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ളവരെയും രോഗബാധ സാധ്യതയുള്ളവരെയും കണ്ടെത്തി പരിശോധിച്ച് ചികിത്സ ഉറപ്പാക്കുന്ന യജ്ഞത്തിന് കോട്ടയം നിയോജക മണ്ഡലത്തില്‍ തുടക്കമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ അധികൃതരെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ ആശാ പ്രവര്‍ത്ത കയായ ശോഭാ മണിയാണ് എംഎല്‍എ യില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.

പരിപാടിയില്‍ ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി. ഓഫിസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ടി ബി പ്രവര്‍ത്തകരായ രഘുവരന്‍, പ്രദീപ് കുമാര്‍, നോബി ജോസഫ്, മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് ഭവന സര്‍വ്വേക്ക് നേതൃത്വം നല്‍കുന്നത്. കുടുബാംഗങ്ങള്‍ക്ക് രണ്ടാഴ്ചയലധികമായി ചുമയുണ്ടോ, ക്ഷയരോഗം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗബാധയുണ്ട വരുണ്ടോ, പുകവലി-മദ്യപാനം തുടങ്ങിയ ക്ഷയരോഗ സാധ്യത കൂട്ടുന്ന ശീലങ്ങളുണ്ടോ എന്നിവയാണ് മുഖ്യമായും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷയരോഗ ബാധ സംശയിക്കന്നവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് കഫ പരിശോധന, എക്സ്റേ എന്നിവ നടത്തി രോഗം നിര്‍ണയിക്കുകയും ആധുനിക ചികിത്സ സൗജന്യമായി നല്‍കി രോഗം ഉന്മൂലനം ചെയ്യുകയുമാണ് ലക്ഷ്യം. മാര്‍ച്ച് 31നകം സര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് ഡിഎം.ഒ അറിയിച്ചു.