പാലക്കാട്: വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും വല്ലപ്പുഴ വനിതാ ശിശു വികസന സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ശിശു സംരക്ഷണ നിയമങ്ങള്‍, പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ്സും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദ വിലാസിനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.

കുട്ടികള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിന് അവരെ പ്രാപ്തരാക്കുക, കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് കുട്ടികള്‍ക്കും  രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളെക്കുറിച്ചും പോക്‌സോ ഉള്‍പ്പെടെയുള്ള ശിശു സംരക്ഷണ നിയമങ്ങളെകുറിച്ചും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കെ. ജയ്ശ്രീ ക്ലാസെടുത്തു.