വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും  സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടും അഞ്ച് കോടി രൂപ ചെലവില്‍ കാസര്‍കോട് ജില്ലയിലെ തച്ചങ്ങാട് സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രം പരമ്പരാഗത കലാരൂപങ്ങളെയും നാടന്‍കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനുളള  കേന്ദ്രമാക്കി വളര്‍ത്തുന്നതിന്  യുവജനക്ഷേമത്തിനും യുവജനകാര്യത്തിനുമായുളള നിയമസഭാസമിതി നിര്‍ദ്ദേശിച്ചു.  കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗിനു ശേഷം  ബി ആര്‍ ഡി സി ആസ്ഥാനം സന്ദര്‍ശിച്ച സമിതി ചെയര്‍മാന്‍ ടി വി രാജേഷ്  മാനേജിംഗ് ഡയറക്ടര്‍  ടി കെ മന്‍സൂറുമായും ചര്‍ച്ച നടത്തി.  ജില്ലയിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുളള പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുളള സാധ്യതകള്‍ സമിതി ചര്‍ച്ച ചെയ്തു.
ചീമേനി തുറന്ന ജയിലും ഐടി പാര്‍ക്കും നിയമസഭാസമിതി ചെയര്‍മാന്‍ സന്ദര്‍ശിച്ചു.  ജയില്‍ അന്തേവാസികളേയും സന്ദര്‍ശിച്ചു. ജയിലധികൃതരുമായി  ചര്‍ച്ച നടത്തി. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം  കെ മണികണ്ഠന്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍  എ വി ശിവപ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍  പ്രസീത, ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് പ്രതിനിധി അബ്ദുള്‍ റഹ്മാന്‍ നിയമസഭസെക്രട്ടേറിയറ്റ്  സെക്ഷന്‍ ഓഫീസര്‍ അന്‍വര്‍ സുല്‍ത്താന്‍,  സംഘത്തോടൊപ്പമുണ്ടായിരുന്നു.