തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കായി നിര്‍മിച്ച പുതിയ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 320 വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കാവുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
സാങ്കേതിക മേഖലയില്‍ പുതിയ കണ്ടുപിടുത്തങ്ങളുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളുടെ കഴിവുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 1000 ആണ്‍കുട്ടികള്‍ക്ക് കൂടി താമസിക്കാവുന്ന പുതിയ ഹോസ്റ്റലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണമെന്നും തന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും ആദ്യ വിഹിതം ഉടന്‍ അനുവദിക്കാമെന്നും മന്ത്രി പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് വിദ്യാര്‍ഥികള്‍ അതിനെ സ്വാഗതം ചെയ്തത്.
10 കോടി രൂപ മുതല്‍ മുടക്കില്‍ ആറ് നിലകളായി സ്ഥാപിച്ച വനിത ഹോസ്റ്റലില്‍ ഒരേ സമയം 250 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. സ്റ്റീം കുക്കിംഗ് സംവിധാനവും മറ്റ് ആധുനിക സൗകര്യങ്ങളുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറി, ജിംനേഷ്യം തുടങ്ങിയവയും ഇതോടനുബന്ധിച്ചുണ്ട്. മുറികളുടെ ആദ്യ അലോട്ട്‌മെന്റും വിദ്യാര്‍ഥിനികള്‍ക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു.
നഗരസഭ കൗണ്‍സിലര്‍ അലത്തറ അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍, വല്ലഭശ്ശേരി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അമല്‍ നാരായണന്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാ ദേവി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ഡേവിഡ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
