സുഗമ സംരംഭകത്വത്തിന്റെ കാഴ്ചയുമായി കേരളവും

ന്യൂഡല്‍ഹി: സുഗമമായ സംരംഭകത്വത്തിന് കേരളം ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ചിത്രീകരിക്കുന്ന പവലിയനുമായി അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളവും. പ്രഗതി മൈതാനിയില്‍ നടക്കുന്ന മുപ്പത്തിയൊന്‍പതാമത് അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് നവംബർ 14ന`  തുടക്കം കുറിക്കും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ ആശയം. ബിസിനസ് എളുപ്പമാക്കുന്നതിന് വേണ്ടി നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ള പരിഷ്‌കാരങ്ങള്‍, സംരംഭകരോട് വിശ്വാസ്യത പുലര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനം, സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപ്പാക്കുന്ന സുതാര്യമായ പ്രവൃത്തികള്‍ എന്നിവയാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്ന ആശയത്തെ മുന്‍നിര്‍ത്തി വിവിധ സ്റ്റാളുകളിലൂടെ കേരളം പ്രകാശിപ്പിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിലെയും വിദേശത്തെയും സംരംഭകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് കേരള പവലിയന്‍ ഒരുക്കിയിട്ടുള്ളത്തെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ യു. വി ജോസ് അറിയിച്ചു.
ഈ വര്‍ഷം കേരള പവലിയനില്‍ 12 സ്റ്റാളുകളാണ്  മേളയില്‍ ഒരുക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ. എസ്. ഐ. ഡി. സി), കേരള ഇന്റസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര), കേരള സ്റ്റാര്‍ട്ട് – അപ് മിഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റസ്ട്രിസ് ആന്റ് കൊമേഴ്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പഞ്ചായത്ത്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍ (സാഫ്), ഡയറക്ടറേറ്റ് ഓഫ്  കയര്‍ ഡവലപ്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് അനിമല്‍ ഹസ്ബന്ററി,  ഡയറക്ടറേറ്റ്് ഓഫ് ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ്, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സ്റ്റാളുകളിലൂടെയാണ് കേരളം കൈവരിച്ച നേട്ടങ്ങളും സ്വീകരിച്ച നടപടികളും ദൃശ്യവത്ക്കരിച്ചിട്ടുള്ളത്.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് കേരള പവലിയന്‍. സംരംഭകര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത അടിസ്ഥാന സൗകര്യങ്ങളും സഹായവും നല്‍കി ഉയര്‍ച്ചയിലേക്ക് നയിക്കുന്ന പ്രതീകാത്മക ദൃശ്യത്തിന്റെ ആകര്‍ഷകമായ ഒരു സെല്‍ഫി പോയിന്റ് പവലിയന്റെ ആകര്‍ഷക കേന്ദ്രമാകും. ഇന്ന് ഉച്ചയ്ക്ക്  12 മണിക്ക് കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും.