ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ സ്മരണയ്ക്കായി പട്ടിക ജാതി, പട്ടികവർഗ്ഗ വകുപ്പ് ഏർപ്പെടുത്തിയ 2019ലെ മാധ്യമ അവാർഡുകൾ മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ചു. അച്ചടിമാധ്യമ വിഭാഗത്തിൽ രാഷ്ട്രദീപിക ദിനപത്രത്തിൽ 2019 ജൂലൈ മൂന്ന് മുതൽ അഞ്ച് വരെ പ്രസിദ്ധീകരിച്ച ‘ഗോത്രമക്കൾക്ക് പുതിയ പാഠങ്ങൾ’ എന്ന റെജി ജോസഫിന്റെ റിപ്പോർട്ടിനാണ് അവാർഡ്. 30,000 രൂപയും ഫലകവുമാണ് അവാർഡ്.
ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയ വൺ ടിവിയിൽ 2019 ഫെബ്രുവരി മൂന്നിന് സംപ്രേക്ഷണം ചെയ്ത സോഫിയ ബിന്ദിന്റെ ‘ഉരുക്കിനടിയിൽ ഞെരിഞ്ഞമർന്നവർ’ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. കൈരളി ടിവിയിൽ 2019 ജൂൺ 24ന് സംപ്രേക്ഷണം ചെയ്ത ദ്രാവിഡ ദേശത്തെ ജാതി വെറി എന്ന ലെസ്ലി ജോണിന്റെ റിപ്പോർട്ട് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. 30,000 രൂപയും ഫലകവുമാണ് അവാർഡ്.
ശ്രവ്യ മാധ്യമ വിഭാഗത്തിൽ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്.എം റേഡിയോയിൽ 2019 ആഗസ്റ്റ് മൂന്ന് മുതൽ എട്ട് വരെ ദീപ്തി.പി തയ്യാറാക്കി പ്രക്ഷേപണം ചെയ്ത ‘മുറവും മണിയും’ എന്ന പരമ്പരയ്ക്കാണ് പുരസ്കാരം. 15,000 രൂപയും ഫലകവുമാണ് അവാർഡ്.
പി.ആർ.ഡി ഡയറക്ടർ യു.വി. ജോസ് ചെയർമാനും ഉണ്ണി ബാലകൃഷ്ണൻ, ആർ.എസ്. ബാബു, സരസ്വതി നാഗരാജൻ, ജി.പി. രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. ഡിസംബർ ആറിന് വൈകിട്ട് അഞ്ചിന് മാവേലിക്കരയിൽ നടക്കുന്ന ഗദ്ദിക സാസ്കാരികോത്സവത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.